കുട്ടിക്കടത്ത് തടയാന്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
കണ്ണൂര്‍: കുട്ടികളെ തട്ടികൊണ്ടുപോകല്‍ മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തിടെ ആശുപത്രിയില്‍ നിന്നു തട്ടികൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയ പൊലിസ് സംഘത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെ.എ.പി ആസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പൊലിസുകാരുടെ പാസിങ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാര്‍ഥികളെയും യുവാക്കളെയും പ്രലോഭിപ്പിച്ച് തീവ്രവാദത്തിലേക്കു കൊണ്ടുപോകുന്നതിനെതിരേ ശക്തമായി നടപടിയെടുക്കും. തീവ്രവാദ സ്വാധീനമുള്ള മേഖലകളിലെ പൊലിസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തിപ്പെടുത്തും. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ കെട്ടിടത്തിലേക്കു മാറ്റും. ബലപ്രയോഗവും ഭീഷണിയുമല്ല പൊലിസിന്റെ മുഖമുദ്ര. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ല. പൊലിസ് സ്റ്റേഷനിലെ മൂന്നാംമുറ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ശക്തമായ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ഇതിനു വിരുദ്ധമായ പ്രവര്‍ത്തനം കാണുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളും.
പൊലിസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ടെക്‌നോളജി കൂടുതല്‍ ഉപയോഗിക്കേണ്ടതുണ്ട്. സങ്കീര്‍ണമായ സൈബര്‍ കുറ്റകൃത്യം തടയാന്‍ സൈബര്‍ സുരക്ഷയും വര്‍ധിപ്പിക്കണം. പൊലിസ് സേനയിലെ വനിതാ പ്രാതിനിധ്യം പത്തുശതമാനമായി ഉയര്‍ത്തും. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പൊലിസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍സ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശീലന മികവിനു കെ.എ.പിയിലെ പി.അജേഷ്, ബബീഷ്, അഗസ്റ്റിന്‍ പി.ആന്റണി, എം.എസ്.പിയിലെ എസ്.ഷിബിന്‍, ടി.അയൂബ്, ടി.വി വിജേഷ് എന്നിവര്‍ക്കു മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി (ആംഡ് ബറ്റാലിയന്‍) നിതിന്‍ അഗര്‍വാള്‍, ഐ.ജി ദിനേന്ദ്ര കശ്യപ്, എസ്.പി സഞ്ജയ് കുമാര്‍ ഗുരുദ്ദീന്‍, കെ.എ.പി കമാന്‍ഡന്റ് കെ.പി ഫിലിപ്പ്, മലപ്പുറം എം.എസ്.പി കമാന്‍ഡന്റ് പി.എ വത്സന്‍ പങ്കെടുത്തു. കെ.കെ രാഗേഷ് എം.പി, ജയിംസ് മാത്യു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പി.ജയരാജന്‍ എന്നിവരും ചടങ്ങിന് എത്തിയിരുന്നു.
കെ.എ.പിയിലെ 223 പൊലിസുകാരും എം.എസ്.പിയിലെ 60 പൊലിസുകാരും ഉള്‍പ്പെടെ 283 പൊലിസുകാരാണ് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ നാല് എം.ബി.എക്കാരും 16 ബിരുദാനന്തര ബിരുദധാരികളും എട്ടു ബി.എഡ് ധാരികളും അഞ്ചു ബി.ടെക് ധാരികളും 107 ബിരുദധാരികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."