'മുഖ്യ' മണ്ഡലങ്ങള്‍ നായകര്‍
എ.എസ്. അജയ്‌ദേവ്
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്നു തീരുമാനിക്കുന്നത് സംസ്ഥാനത്തെ നാല് നിയമസഭാ മണ്ഡലങ്ങള്‍. പുതുപ്പള്ളി, മലമ്പുഴ, ധര്‍മ്മടം, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് മുഖ്യമന്ത്രിക്കസേര കാത്തിരിക്കുന്നവരെ തുണയ്ക്കുക. ആരായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രി. സാധാരണ ജനങ്ങളുടെ അസാധാരണമായ ചോദ്യമിതായിരിക്കും. ഈ നാലു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഒരാളാകും മുഖ്യമന്ത്രി. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ടുപേരുകളാണ് ഉമ്മന്‍ചാണ്ടിയും വി.എസ്. അച്യുതാനന്ദനും. നിലവിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമാണ് ഇരുവരും. തൊട്ടുപിന്നില്‍ പിണറായി വിജയനും രമേശ് ചെന്നിത്തലയുമാണ്.
ഈ നാലു മണ്ഡലങ്ങളിലും ഇവര്‍ വിജയം ഉറപ്പിച്ചാണ് പോരാട്ടം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എസ്. അച്യുതാനന്ദനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലങ്ങളില്‍ തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. ഇവര്‍ക്ക് വിജയമല്ല പ്രധാനം, ഭൂരിപക്ഷം വര്‍ധിപ്പിക്കലാണ്. പിണറായി വിജയന്‍ ഇടവേളയ്ക്കു ശേഷമാണ് മത്സരിക്കുന്നത്. ധര്‍മ്മടം മണ്ഡലത്തില്‍. ധര്‍മ്മടം കമ്യൂണിസ്റ്റു കോട്ടയായാണ് സി.പി.എം കണക്കാക്കുന്നത്.
മുഖ്യമന്ത്രിപദത്തിന് നറുക്കുവീഴുന്നത് ഏതു മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്കൊപ്പമാണെന്നത് തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടികള്‍ തീരുമാനിക്കും.
പാര്‍ട്ടിയില്‍ ആഭ്യന്തര കലാപമുയര്‍ത്തി സ്ഥാനാര്‍ഥിത്വം നേടിയ വി.എസ് അച്യുതാനന്ദന്‍ പന്ത്രണ്ടാം നിയമസഭയില്‍ 2006ല്‍ മുഖ്യമന്ത്രിയായി. മാരാരിക്കുളം മണ്ഡലം വിട്ട് മലമ്പുഴയില്‍ മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വി.എസ്. വിജയം കണ്ടു. മലമ്പുഴയിലെ രണ്ടാമൂഴത്തില്‍ വി.എസ്. വിജയിച്ചെങ്കിലും പാര്‍ട്ടി തോറ്റു. 2011 ല്‍ പതിമൂന്നാം നിയമസഭയില്‍ വി.എസ്. പ്രതിപക്ഷ നേതാവിന്റെ കുപ്പായമണിഞ്ഞു. ഇപ്പോള്‍, മലമ്പുഴയില്‍ വി.എസിന്റെ മൂന്നാമൂഴമാണ്.
വി.എസ് നേരവകാശിയാകുമോ?
ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടി, വി.എസ്. വിജയിച്ചാലും മുഖ്യമന്ത്രി പദത്തിന് വി.എസ് നേരവകാശിയാകുമോ. പൊളിറ്റ്ബ്യൂറോ അംഗവും പാര്‍ട്ടി മുന്‍സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനാണ് വി.എസിന് മുഖ്യമന്ത്രി പദത്തിലേക്കുള്ള ശക്തനായ എതിരാളി. മുഖ്യമന്ത്രി ആരായിരിക്കണമെന്നുള്ള വിവാദം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ത്തന്നെ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇരു നേതാക്കളും വിജയിക്കുകയും ഒപ്പം എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റു ലഭിക്കുകയും ചെയ്താല്‍ പാര്‍ട്ടി വെട്ടിലാകും. ആരെ തുണച്ചാലും പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാകുമെന്നതാണ് കാരണം. മുഖ്യമന്ത്രി പദത്തിന്റെ പേരിലുണ്ടാകാന്‍ പോകുന്ന വിഭാഗീയകലാപത്തിനെ മറച്ചുപിടിച്ചാണ് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
വെല്ലുവിളിയില്ലാതെ ഉമ്മന്‍ചാണ്ടി
അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ വികസനവും കരുതലും എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിസന്ധികളില്‍ പാര്‍ട്ടിയേയും മന്ത്രിമാരേയും സര്‍ക്കാരിനേയും ഒരു പോലെ കാത്തുസൂക്ഷിച്ച് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി തന്നെയായിരിക്കും മുഖ്യമന്ത്രിയാവുക. ഘടകകക്ഷികള്‍ക്കും വിജയിച്ചെത്തുന്ന എം.എല്‍.എമാര്‍ക്കും ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഒരുപോലെ അടുപ്പവുമുണ്ട്. ഗ്രൂപ്പുകള്‍ തമ്മിലുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ കെ.പി.സി.സിയും യു.ഡി.എഫും എങ്ങനെ സമവായത്തിലെത്തിക്കുന്നു എന്നതു പോലെയായിരിക്കും മുഖ്യമന്ത്രിക്കസേരയുടെ അവകാശിയെ കണ്ടെത്തുന്നത്.
തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തെറ്റിപ്പിരിഞ്ഞാല്‍ പതിമൂന്നാം നിയമസഭയുടെ അവസാനകാലത്ത് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വി.എം. സുധീരനു നല്‍കി ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായേക്കാം.
വട്ടിയൂര്‍കാവും രാഷ്ട്രീയചിത്രത്തില്‍
കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് കുമ്മനം രാജശേഖരനെയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് കുമ്മനം മത്സരിക്കുന്നത്. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്.
ഏതു പ്രതികൂല സാഹചര്യത്തിലും മണ്ഡലവും വോട്ടര്‍മാരും കൈവിടില്ലെന്ന വിശ്വാസത്തിലാണ് നേതാക്കള്‍ മത്സരിക്കാനിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍, വിജയ ശതമാനം, മണ്ഡലത്തിന്റെ രാഷ്ട്രീയം, എതിര്‍ സ്ഥാനാര്‍ത്ഥി തുടങ്ങിയ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് മത്സരം. ഉമ്മന്‍ചാണ്ടി ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല.
എന്നാല്‍, വി.എസ്. അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോറ്റതോടെയാണ് മണ്ഡലം മാറിയത്. പിണറായി വിജയനും, രമേശ് ചെന്നിത്തലും തോല്‍വിയറിഞ്ഞിട്ടില്ലാത്തവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."