കൊട്ടിക്കലാശം അഞ്ചുമണി വരെ മാത്രം: കലക്ടര്‍
കോഴിക്കോട്: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്നു വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ കക്ഷിപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
നാലുവരെ വാഹനം ഉപയോഗിച്ചുള്ള പ്രചാരണവും അഞ്ചുവരെ അതാതു കക്ഷികള്‍ക്കു നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഒത്തുചേര്‍ന്നുള്ള മറ്റു പ്രചാരണങ്ങളും നടത്താം.
വിവിധ കക്ഷികള്‍ ആവശ്യപ്പെട്ട രീതിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൊട്ടിക്കലാശം നടത്തുന്നതു പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ സ്ഥലങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
പൊലിസും രാഷ്ട്രീയ കക്ഷികളും തീരുമാനിച്ചതു പ്രകാരം നാദാപുരം മണ്ഡലത്തില്‍ ഇത്തവണ കൊട്ടിക്കലാശമുണ്ടാവില്ല.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്റ, റൂറല്‍ എസ്.പി പ്രതീഷ് കുമാര്‍, സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."