മണ്‍പാത്ര നിര്‍മാണം കരകൗശല മേഖലയിലേക്ക് വഴിമാറുന്നു
ദേശമംഗലം: പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് ബൃഹത് പദ്ധതി പ്രഖ്യാപനങ്ങളുമായി ഭരണകൂടങ്ങള്‍ കളം നിറയുമ്പോഴും ഒരു പരമ്പരാഗത വ്യവസായവും പച്ച പിടിക്കാതെ കുലതൊഴില്‍ കൊണ്ട് പട്ടിണി മാത്രം കൂട്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഒന്നും താഴെ തട്ടില്‍ എത്താതാകുന്നതോടെ പാരമ്പര്യ വ്യവസായ സംരക്ഷണം കടലാസിലൊതുങ്ങുകയാണ്. പലരും കുല തൊഴിലുകള്‍ ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ചുവട് വെക്കുന്നു. ദേശമംഗലത്തിനടുത്ത് എഴുമങ്ങാട് കുംഭാര സമുദായാംഗങ്ങള്‍ വൈവിധ്യത്തിന്റെ മികവ് തേടുകയാണ്. മണ്‍പാത്രങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തി ഉപജീവനം നയിച്ചിരുന്നവര്‍ ഇന്ന് കരകൗശല നിര്‍മാണത്തിലേക്ക് വഴിമാറുന്നു.
മണ്ണു കൊണ്ടുള്ള പ്രതിമകളും, നിലവിളക്ക്, കിണ്ടി ഗ്ലാസ്, മറ്റ് പാത്രങ്ങള്‍ എന്നിവ തത്സമയം നിര്‍മിച്ച് വില്‍പന നടത്തുകയാണ് എഴുമങ്ങാട് കോളനിയിലെ യുവ സംഘം. കളിമണ്ണ് കിട്ടാനില്ലാത്തതാണ് പുതിയ സംരഭത്തിന്റേയും, പ്രതിസന്ധിയെന്ന് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പന്നിക്കോട്ടില്‍ പൊന്നു പറയുന്നു. പാടശേഖരങ്ങളില്‍ നിന്ന് മണ്ണെടുക്കുന്നതിന് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ പട്ടാമ്പി മേഖലയിലെ കിണര്‍ പണിക്കാരില്‍ നിന്നാണ് മണ്ണ് ശേഖരിക്കുന്നതത്രെ. പട്ടാമ്പിയില്‍ നിന്ന് ഒരു ലോഡ് മണ്ണ് എഴുമങ്ങാടെത്താന്‍ പതിനാറായിരം രൂപയോളമാണ് ചിലവ്. പലവൈഥരണികളും അതിജീവിച്ചാണ് മണ്ണ് എത്തിക്കാറെന്നും തൊഴിലാളികള്‍ പറയുന്നു. തങ്ങളുടെ ക്ഷേമത്തിന് വേണ്ടി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ഭരണകൂടം കൃത്യമായി മണ്ണെത്തിക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."