നിലമ്പൂര്‍-നായാടംപൊയില്‍ മലയോരപാത വളവുകളും കുറ്റിക്കാടുകളും അപകടക്കെണിയൊരുക്കുന്നു
നിലമ്പൂര്‍: നിലമ്പൂര്‍- നായാടംപൊയില്‍ മലയോരപാതയില്‍ വളവുകളും ഉയര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകളും പുല്ലുകളും അപകടം വിളിച്ചോതുന്നു. ഇടിവണ്ണ മസ്ജിദിനു സമീപമുള്ള വളവ്, എച്ച് ബ്ലോക്കിലെ വളവ്, എസ് വളവ് എന്നീ വളവുകളിലാണ് യാത്രക്കാരെ കാത്ത് അപകടം പതിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മണിമൂളി സ്വദേശിയായ ഡിഗ്രി വിദ്യാര്‍ഥി അപകടത്തില്‍ മരണപ്പെട്ടിരുന്നു.
ഇവിടെ വാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറിഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അപകടകരമാംവിധമുള്ള വളവുകളും വഴിക്കിരുവശവും റോഡിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന കാട്ടുചെടികളും പുല്ലുകളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. എസ് വളവില്‍ ലോറിയുള്‍പ്പെടെ മറിഞ്ഞ് നിരവധി പ്രവശ്യം യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. ജില്ലയിലെ പ്രധാന ജലടൂറിസം കേന്ദ്രങ്ങളിലൊന്നായ കോഴിപ്പാറ വെള്ളച്ചാട്ടം കാണാന്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിക്കുന്ന പാതകൂടിയാണിത്. എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതും റോഡ് മുന്‍പരിചയമില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ വളവുകളില്‍ യാത്രക്കാര്‍ക്കായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും റോഡിനിരുവശത്തുമുള്ള കാഴ്ചമറക്കുന്ന മരക്കൊമ്പുകളും ചില്ലകളും ചെടികളും വെട്ടുകയും ചെയ്താല്‍ ഒരു പരിധിവരെ അപകടം നിയന്ത്രിക്കാനാകും. കൂടാതെ ഒഴിവുദിവസങ്ങളില്‍ അമിത വേഗത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് വരുന്നവരും നിരവധിയാണ്. ഈ ഭാഗങ്ങളില്‍ ഒഴിവു ദിവസങ്ങളില്‍ പൊലിസിന്റെ സാന്നിധ്യം ഉണ്ടാകുകയാണെങ്കില്‍ ഒരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാനാവും. വിദ്യാര്‍ഥികളടക്കം ഹെല്‍മറ്റുപോലുമില്ലാതെ അമിതവേഗത്തില്‍ ഈ റൂട്ടിലൂടെ ചീറിപ്പായുന്നതും സാധാരണമാണ്. ഇതില്‍ പല ബൈക്കുകളിലും മൂന്ന് പേര്‍ വീതമാണ് യാത്ര ചെയ്യുന്നത്. മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."