പാണ്ടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കാഷ് അക്രഡിറ്റേഷന്‍
മലപ്പുറം: ആരോഗ്യരംഗത്തെ സമഗ്ര മികവ് മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കാഷ് (കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ്) അക്രഡിറ്റേഷന്‍ പാണ്ടിക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ലഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണമേന്‍മയും സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയില്‍നിന്ന് ആദ്യമായാണ് ഒരു സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം ഈ നേട്ടത്തിന് അര്‍ഹത നേടുന്നത്.
1986ല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് 1998ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറിയ ആരോഗ്യകേന്ദ്രം 2008ല്‍ 24 മണിക്കൂറും ചികിത്സയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി. 2012 മുതല്‍ ആശുപത്രിയില്‍ ഘട്ടംഘട്ടമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് കാഷ് അക്രഡിറ്റേഷന്‍. ആധുനിക രീതിയിലുള്ള കംപ്യൂട്ടര്‍വല്‍കൃത ടോക്കണ്‍ സിസ്റ്റം, അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍, മാലിന്യനിര്‍മാര്‍ജനം, പ്രഥമ ശുശ്രൂഷ, ശുചിത്വ പരിപാലനം, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ മേഖലകളില്‍ മികച്ച പരിശീലനം ജീവനക്കാര്‍ക്കായി നടപ്പിലാക്കി.
ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും സാധാരണക്കാര്‍ക്കായി നിര്‍ദ്ദേശം നല്‍കുന്നതിനായി ആശുപത്രിയുടെ ലേ ഔട്ട്, സൈനേജ് ബോര്‍ഡ് എന്നിവ സ്ഥാപിച്ചു. ആശുപത്രിയുടെ പൂര്‍ണവിവരം അടങ്ങുന്ന മാര്‍ഗദര്‍ശികള്‍, രോഗികളുടെ അവകാശങ്ങളും കടമകളും വിശദമാക്കുന്ന സൈനേജ് ബോര്‍ഡുകള്‍, വിശ്രമസ്ഥലം, ശുദ്ധമായ കുടിവെള്ള സംവിധാനം, സേഫ്റ്റ്‌ബെല്‍റ്റോട് കൂടിയ വീല്‍ചെയര്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കായി സ്വകാര്യത ഉറപ്പാക്കുന്ന പ്രത്യേക മുറികള്‍, രോഗികള്‍ക്ക് ശരിയായ രീതിയിലുള്ള രോഗി പരിചരണം, ചികിത്സാ സൗകര്യങ്ങളുടെ സമയബന്ധിത ആവിഷ്‌കാരം, ആധുനിക രീതിയിലുള്ള എല്‍ബോ ടാപ്പുകള്‍, കൃത്യതയും സമയ നിഷഷ്ഠയും ഉറപ്പുവരുത്തുന്ന ആധുനിക ലാബ് സംവിധാനം, എല്ലാ രോഗനിര്‍ണ്ണയ ഉപകരണങ്ങളുടെയും സമയബന്ധിത കാലിബെറേഷന്‍ എന്നിവ പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ നടത്തിയ ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാണ് ബഹുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."