ബംഗളൂരുവിലെ വിവാദ സ്റ്റീല്‍ പാലത്തിന് ഭൂരിപക്ഷ പിന്തുണയെന്നു മുഖ്യമന്ത്രി
ബംഗളൂരു: എണ്ണൂറിലേറെ മരങ്ങള്‍ മുറിച്ച് നിര്‍മിക്കുന്ന 1800 കോടിയുടെ പാലത്തെ എതിര്‍ത്ത് സമരം ശക്തമായിക്കൊണ്ടിരിക്കെ പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.
പദ്ധതി നടത്തിപ്പ് സുതാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ക്കു കിട്ടിയ അഭിപ്രായങ്ങളില്‍ 73 ശതമാനവും സ്റ്റീല്‍ പാലത്തിന് അനുകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനാണ് സ്റ്റീല്‍ നിര്‍മിതമായ പാലം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
80000 ല്‍ അധികംവരുന്ന മനുഷ്യച്ചങ്ങലയാണ് പാലത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ അണിനിരന്നത്. പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് ഹരജി ഹൈക്കോടതിയിലെത്തിയിട്ടുണ്ട്.
വ്യക്തമായ ആസൂത്രണം ഇല്ലാതെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് പ്രധാന പരാതി.
6.72 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം നിര്‍മ്മാണ പദ്ധതിക്കാണ് കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കിയത്. ബസവേശ്വര സര്‍ക്കിളിനും ഹെബ്ബലിനും ഇടയിലാണ് പാലംനിര്‍മ്മാണം.
പാലം നിര്‍മാണത്തിനായി മുറിക്കുന്ന 800 മരങ്ങള്‍ക്ക് പകരമായി 60,000 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് ബംഗളൂരു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.
ബംഗളൂരില്‍ നിലവില്‍ 60 ലക്ഷം വാഹനങ്ങളുണ്ട്. ശക്തമായ ഗതാഗത കുരുക്ക് ബംഗളൂരുവിനെ വീര്‍പ്പ് മുട്ടിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ സ്റ്റീല്‍ പാലത്തിന് മാത്രമായല്ല 1800 കോടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
പ്രധാന ഫ്‌ളൈ ഓവര്‍, റാമ്പുകള്‍, ഡ്രെയിനേജ് സംവിധാനം, ട്രാഫിക്ക് സുരക്ഷാ നടപടികള്‍ തുടങ്ങിയവക്കെല്ലാം ചേര്‍ത്താണ് ഇത്രയും വലിയ തുകയെന്നാണ് സര്‍ക്കാര്‍ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."