കൊട്ടാരക്കരയില്‍ കരമണ്ണ് ഖനനവും കടത്തും വ്യാപകമെന്ന് പരാതി
കൊട്ടാരക്കര: ഒരിടവേളക്കു ശേഷം കൊട്ടാരക്കര മേഖലയില്‍ വീണ്ടും കരമണ്ണ് ഖനനവും കടത്തും വ്യാപകമാകുന്നു. പകല്‍ സമയങ്ങളില്‍പോലും പരസ്യമായി നടന്നുവരുന്ന നിയമലംഘനം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
കൊട്ടാരക്കര ടൗണിന്റെ ഹൃദയഭാഗത്തുവരെ കരമണ്ണ് ഖനനം നടന്നു. പഴയ കൊല്ലം ചെങ്കോട്ട റോഡ് വശത്ത് സ്വകാര്യഭൂമിയില്‍ നിന്നും നൂറു കണക്കിന് ലോഡ് മണ്ണ് കടത്തിക്കഴിഞ്ഞു. റോഡിന്റെ തകര്‍ച്ചയ്ക്ക് ഇത് കാരണമായിട്ടുണ്ട്. പുലമണ്‍ ടൗണിനു സമീപം എം.സി.റോഡരികില്‍ മാസങ്ങളായി കുന്നിടിക്കല്‍ നടക്കുകയാണ്.ദിവസവും നിരവധി ലോഡ് മണ്ണാണ് ഇവിടെ നിന്നു കടത്തുന്നത്. റൂറല്‍ പൊലിസ് ജില്ലാ ആസ്ഥാനവും സര്‍ക്കിള്‍ ഓഫിസും പൊലിസ് സ്റ്റേഷനുമൊക്കെ ഇതിന്റെ പരിസര പ്രദേശത്ത് തന്നെയുണ്ട്. താലൂക്കോഫിസ് അടക്കമുള്ള റവന്യൂ ഓഫിസുകളും അടുത്തുണ്ട്. പക്ഷേ, നടപടികളൊന്നുമുണ്ടായിട്ടില്ല.
താലൂക്കിലെ മാവടി, പാത്തല, പുവറ്റൂര്‍, ഉമ്മന്നൂര്‍, നെടുവത്തൂര്‍, കുടവെട്ടൂര്‍ , മൈലം തുടങ്ങിയ സ്ഥലങ്ങളിലും കരമണ്ണ് ഖനനം നടക്കുന്നുണ്ട്. കൊല്ലം ബൈപ്പാസ് നിര്‍മ്മാണത്തിനും , റെയില്‍വേ വികസനത്തിനും നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനവദിച്ചിട്ടുള്ള പാസുകള്‍ ദുരുപയോഗം ചെയ്തും മണ്ണ് കടത്തുന്നുണ്ട്. സമയവും, തീയതിയും മില്ലാത്ത പാസ്സുകളാണ് മണ്ണു കടത്തുന്ന വാഹനങ്ങളില്‍ ഉണ്ടാവുക. പരിശോധനാ സമയത്ത് ഇവ രണ്ടും രേഖപ്പെടുത്തുകയാണ് ചെയ്തു വരുന്നത്.
അതേ സമയം രണ്ടു വികസന പദ്ധതികള്‍ക്ക് ആവശ്യത്തിന് മണ്ണ് ലഭിക്കുന്നുമില്ല. പദ്ധതികള്‍ക്കായുള്ള മണ്ണ് മറ്റിടങ്ങളിലേക്കു കൊണ്ടു പോകുന്നതായും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."