ക്രിക്കറ്റ് കാര്‍ണിവലൊരുക്കാന്‍ വയനാടൊരുങ്ങി; 27 മുതല്‍ കൃഷ്ണഗിരിയില്‍ ക്രിക്കറ്റ് പൂരം
കൃഷ്ണഗിരി: മലമുകളില്‍ വീണ്ടും ക്രിക്കറ്റ് കാര്‍ണിവലെത്തുന്നു. രഞ്ജി ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങള്‍ക്കാണ് ഇത്തവണ വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്‌റ്റേഡിയം വേദിയാവുന്നത്. ഈ മാസം 27 മുതല്‍ 30 വരെ നടക്കുന്ന ആദ്യ മത്സരത്തില്‍ ജാര്‍ഗണ്ഡും വിദര്‍ഭയുമാണ് മത്സരത്തിനിറങ്ങുക.
നവംബര്‍ 21 മുതല്‍ 24 വരെ നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ ഡല്‍ഹിയെയും നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഒഡീഷ മഹാരാഷ്ട്രയെയും എതിരിടും. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയായി.
മൂന്ന് മത്സരങ്ങള്‍ക്ക് സ്‌റ്റേഡിയം വേദിയാകുമ്പോഴും കേരളത്തിന്റെ മത്സരങ്ങള്‍ക്ക് ആദിഥ്യം വഹിക്കാന്‍ സാധിക്കാത്തത് ക്രിക്കറ്റ് പ്രേമികളെ തെല്ല് സങ്കടപ്പെടുത്തുന്നുണ്ട്. എങ്കിലും കൃഷ്ണഗിരിയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പൂരം ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ചുരത്തിന് മുകളിലെയും അതിര്‍ത്തി സംസ്ഥാനങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍. ആദ്യ മത്സരത്തില്‍ വിദര്‍ഭയെ നയിക്കുന്നത് ഇന്ത്യക്കായി ഈ വര്‍ഷം അരങ്ങേറിയ ഫയിസ് ഫൈസലാണ്. രാജ്യത്തിനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധശതകം നേടിയ ഫയിസിനൊപ്പം ശലഭ് ശ്രീവാസ്തവ, രജനീഷ് കുര്‍ബാനി, സഞ്ജയ് രാമസ്വാമിയടക്കമുള്ള താരങ്ങളുമെത്തും.
ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണിന്റെ നേതൃത്വത്തിലെത്തുന്ന ജാര്‍ഘണ്ഡിനായി സൗരഭ് തിവാരി, ഷഹബാസ് നദീം, ഇശാന്‍ കിശന്‍ അടക്കമുള്ള താരങ്ങളാണ് പാഡണിയുന്നത്. ഉന്‍മുക് ചന്ദിന്റെ നേതൃത്വത്തിലെത്തുന്ന ഡല്‍ഹിക്കായി മോഹിത് ശര്‍മ, പര്‍വീന്ദര്‍ അവാന, പവന്‍ സുയല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ കളത്തിലിറങ്ങും. പങ്കജ് സിങ് നായകനായ രാജസ്ഥാനില്‍ രജത് ഭാടിയ, വിനീത് സക്‌സേന, അശോക് മെനേരിയ, തന്‍വീര്‍ മശാര്‍ത് ഉള്‍ ഹഖ് അടക്കമുള്ള താരങ്ങളാണ് അണിനിരക്കുന്നത്. മഹാരാഷ്ട്ര കേദാര്‍ യാദവിന്റെ നേതൃത്വത്തിലാണ് എത്തുന്നത്.
സ്വപ്നില്‍ ഗോഖലെ, ചിരാഗ് ഖുറാന, അന്‍കിത് ബച്‌ന, ശ്രീകാന്ത് മുണ്ടെ തുടങ്ങിയ താരങ്ങള്‍ മഹാരാഷ്ട്രക്കായും കളത്തിലിറങ്ങും. ഒഡീഷയെ ഗോവിന്ദ് പൊഡാറാണ് നയിക്കുന്നത്. ബസന്ത് മൊഹന്തി, അവിനാഷ് സാഹ, ദീരജ് സിങ്, രശ്മി സാഹു, ബിച്‌ലസ് സാമന്ത്രേ എന്നിവരാണ് ഒഡിഷയുടെ പ്രധാന താരങ്ങള്‍.
മത്സരത്തിനായി രണ്ട് പിച്ചുകളുടെ നിര്‍മാണം സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഔട്ട്ഫീല്‍ഡിലെ ജോലികളും പൂര്‍ത്തിയായി. രഞ്ജി മത്സരങ്ങള്‍ക്കായി സ്‌റ്റേഡിയം സുസജ്ജമാണെന്ന് വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജാഫര്‍ സേഠ്, സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."