കര്‍ണാടക പ്രതിദിനം 2000 ഘനയടി വെള്ളം നല്‍കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ തമിഴ്‌നാടിന് ആശ്വാസമായി സുപ്രിംകോടതി വിധി. ഇനിയൊരുത്തരവുണ്ടാകുന്നത് വരെ പ്രതിദിനം 2000 ഘനയടി വെള്ളം വിട്ടുകൊടുക്കണമെന്ന് കര്‍ണാടയ്ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി.
തമിഴ്‌നാടിനും കര്‍ണാടകയ്ക്കും ഒരുപോലെ വെള്ളം ആവശ്യമുണ്ടെന്നു നിരീക്ഷിച്ച ജസ്റ്റിസുമാരായ ദിപക് മിശ്ര, അമിതവ് റോയ്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ച്, വെള്ളം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും കര്‍ഷകര്‍ ഒരുപോലെ പ്രയാസപ്പെടുകയാണെന്നും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും ചേര്‍ന്നുള്ള നടപടികള്‍ വേണമെന്നും കാവേരി സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ഉന്നതതല സാങ്കേതിക സംഘം തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകയോട് നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍ ജി.എസ് ഝാ അധ്യക്ഷനായ സംഘം ശുപാര്‍ശ ചെയ്തിരുന്നില്ല. സുപ്രിംകോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളം വിട്ടുകൊടുക്കുന്നതിന് കര്‍ണാടക നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും കാവേരി തദീതടപ്രദേശങ്ങള്‍ വരള്‍ച്ചയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
സമിതിയുടെ ഈ റിപ്പോര്‍ട്ട് ഇന്നലെ പരിഗണിച്ച സുപ്രിംകോടതി, താല്‍ക്കാലിക നടപടിയെന്ന നിലയ്ക്കാണ് 2000 ഘനയടി വെള്ളം വിട്ടുകൊടുക്കാനുള്ള ഉത്തരവിടുന്നതെന്നു വ്യക്തമാക്കി. വെള്ളം പങ്കിടുന്ന കാര്യത്തില്‍ ഇരുസംസ്ഥാനത്തെയും ജനങ്ങള്‍ വിട്ടുവീഴ്ചാ മനോഭാവം കാണിക്കണം.
രണ്ടുസംസ്ഥാനങ്ങള്‍ തമ്മിലെ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമമാണ് കോടതി നടത്തുന്നത്. ഇരു സംസ്ഥാനത്തെയും ജനങ്ങള്‍ പരസ്പരം ബഹുമാനിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. കേസില്‍ താല്‍ക്കാലിക വിധി വന്നെങ്കിലും കാവേരി ട്രൈബ്യൂണലിനെതിരായി സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഹരജി നിലനില്‍ക്കുമോ ഇല്ലയോ എന്നതായിരിക്കും ഇനി കോടതി പരിഗണിക്കുക.
ഇക്കാര്യം തീര്‍പ്പാക്കിയ ശേഷമായിരിക്കും ജലതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കുകയെന്നും കോടതി വ്യക്തമാക്കി. 1956 ലെ അന്തര്‍സംസ്ഥാന നദീജല തര്‍ക്കപരിഹാര നിയമപ്രകാരം ട്രൈബ്യൂണല്‍ ഉത്തരവില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും അതിനാല്‍ ഈ അപ്പീല്‍ നിലനില്‍ക്കാത്തതാണെന്നുമുള്ള നിലപാട് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തകി പറഞ്ഞു. ഇത്തരം കേസുകളില്‍ ട്രൈബ്യൂണല്‍ വിധി പറഞ്ഞാല്‍ അത് അന്തിമമാണെന്നും പാര്‍ലമെന്ററി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ട്രൈബ്യുണല്‍ നിലവില്‍വന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ വാദത്തെ കര്‍ണാടക എതിര്‍ത്തു. ട്രൈബ്യുണല്‍ തീരുമാനം സാമാന്യനീതി ലംഘിക്കുന്നതാണെന്നും അതില്‍ കോടതിക്ക് ഇടപെടാമെന്നും കര്‍ണാടകയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഫ്.എസ് നരിമാന്‍ ചൂണ്ടിക്കാട്ടി. ഒരു പാര്‍ലമെന്ററി നിയമവും സുപ്രിംകോടതിയുടെ അധികാരപരിധിക്കു മുകളില്‍ വരില്ലെന്നും നരിമാന്‍ പറഞ്ഞു. കേസില്‍ ഇന്നു വീണ്ടും വാദം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."