മുംബൈ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; നഗരത്തില്‍ കനത്ത ജാഗ്രത
മുംബൈ: വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ സമീപത്ത് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതായി സ്വകാര്യ വിമാന കമ്പനിയുടെ പൈലറ്റ്. ഇതിനെ തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ഡെറാഡൂണില്‍ നിന്നു വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് 6ഇ 755 വിമാനത്തിന്റെ പൈലറ്റായ ആശിഷ് രഞ്ജനാണ് ഡ്രോണ്‍ പറക്കുന്നത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ 7.30 ഓടെയാണ് സംഭവം. വിമാനത്തില്‍ നിന്നു വെറും നൂറു മീറ്റര്‍ അകലെയായി ഡ്രോണ്‍ പറക്കുന്നത് കണ്ട പൈലറ്റ് ഉടന്‍ തന്നെ മുംബൈ വിമാനത്താവളത്തിലെ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് സംഭവം അറിയിച്ചു.
ഇക്കാര്യം രഹസ്യാന്വേഷണ ഏജന്‍സിയേയും തീവ്രവാദ വിരുദ്ധ സേനയെയും സ്‌പെഷല്‍ ബ്രാഞ്ച് പൊലിസിനെയും അറിയിച്ചതായി അധികൃതർ പറഞ്ഞു.
മുംബൈയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം ഡ്രോണുകള്‍, റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ചെറുവിമാനങ്ങള്‍, പാരാഗ്ലൈഡിങ്, ബലൂണുകള്‍ തുടങ്ങിയവ മുംബൈ നഗരപരിധിയില്‍ നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."