നിര്‍ത്തിയിട്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു
തൊടുപുഴ: രാത്രികാലങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. തൊടുപുഴയിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ റോഡ് വക്കിലാണ് സര്‍വീസ് അവസാനിക്കുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്.
വാതില്‍ പോലും അടയ്ക്കാതെയാണ് പലപ്പോഴും ജീവനക്കാര്‍ ഇറങ്ങുന്നത്. ഇത്തരം വാഹനങ്ങളില്‍ രാത്രികാലങ്ങളില്‍ മദ്യപാനം പതിവാണ്. മദ്യപാനത്തിന് ശേഷം കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും ബസിനുള്ളില്‍ത്തന്നെ നിക്ഷേപിക്കുകയാണ്. ബസ് സ്റ്റാന്റില്‍ സെക്യൂരിറ്റി ജീവനക്കാരനുണ്ടെങ്കിലും ഇയാളുടെ കണ്ണ് ഈ മേഖലയില്‍ എത്തുന്നില്ല.
പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍നിന്നു ജീവനക്കാരുടെ പണം മോഷണം പോകുന്നതു പതിവാകുന്നുണ്ട്. കണ്ടക്ടര്‍ സീറ്റിനടിയിലെ പെട്ടിയില്‍ വയ്ക്കുന്ന പണമാണു മോഷ്ടാക്കള്‍ അപഹരിക്കുന്നത്. ബസ് നിര്‍ത്തിയിട്ടശേഷം ജീവനക്കാര്‍ ഭക്ഷണം കഴിക്കാനും മറ്റും മാറുന്ന തക്കംനോക്കിയാണു മോഷണം. കഴിഞ്ഞയാഴ്ച തൊടുപുഴ ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുടെ എടിഎം കാര്‍ഡും വിലപ്പെട്ട മറ്റു രേഖകളുമടങ്ങിയ പഴ്‌സ് ബസില്‍ നിന്നു മോഷണം പോയി. മൂന്നുദിവസത്തിനു ശേഷം പഴ്‌സ് പ്രൈവറ്റ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനു സമീപത്തു കിടന്നു കിട്ടി. ഇതേ കണ്ടക്ടറുടെതന്നെ ബാഗില്‍ സൂക്ഷിച്ചിരുന്ന 1500 രൂപ മുന്‍പു മോഷണം പോയിരുന്നു.
ആറുമാസത്തിനിടെ മൂലമറ്റം ഡിപ്പോയിലെ നാലു കണ്ടക്ടര്‍മാരുടെ 10,000 രൂപയാണ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നഷ്ടപ്പെട്ടത്. ചെറിയ തുകകള്‍ നഷ്ടമായവര്‍ പലരും പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മധ്യവയസ്‌കനെ ജീവനക്കാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചിരുന്നു. രാവിലെ പുള്ളിക്കാനത്തു നിന്നെത്തിയ ബസ് കട്ടപ്പനയ്ക്കു അടുത്ത സര്‍വീസ് പോകുന്നതിനായി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടപ്പോഴാണു സംഭവം. എന്നാല്‍ പിടിയിലായ ആള്‍ക്കു ബുദ്ധിമാന്ദ്യമുള്ളതായി ബോധ്യപ്പെട്ടതോടെ പൊലിസ് വിട്ടയച്ചു.
പണം നഷ്ടപ്പെട്ട കണ്ടക്ടര്‍മാരെ പൊലിസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയെങ്കിലും ഇവര്‍ക്കു മോഷ്ടാവിനെ തിരിച്ചറിയാനായില്ല. അടുത്തിടെ ബസുകളില്‍വച്ചു യാത്രക്കാരുടെ പണവും ആഭരണവുമെല്ലാം കവര്‍ന്ന ഒട്ടേറെ സംഭവങ്ങള്‍ തൊടുപുഴ മേഖലയിലുണ്ടായിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ചില കേസുകളില്‍ നാടോടി സ്ത്രീകളെ പൊലിസ് മുന്‍പ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു കെഎസ്ആര്‍ടിസി ബസുകളില്‍ പണം മോഷ്ടിക്കുന്നത് ഇവിടെയുള്ള മോഷ്ടാക്കള്‍ തന്നെയാകാം എന്ന നിഗമനത്തിലാണു പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."