എ.പി.എല്ലുകാര്‍ക്ക് അരിയില്ല ജില്ലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തിരിച്ചടി
ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ റേഷന്‍ വിതരണം മൊത്തം അവതാളത്തിലായിരിക്കെ 'കൂനുമ്മേല്‍ കുരു' പോലെ എ.പി.എല്ലുകാര്‍ക്ക് അരി വിതരണവും നിര്‍ത്തിവച്ചു.
ഇതു സംബന്ധിച്ച ഉത്തരവ് താലൂക്ക് ഓഫിസുകളിലെത്തി. സിവില്‍ സപ്ലൈസ് കമ്മിഷണറുടെ ഉത്തരവും കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസുകള്‍ക്ക് ലഭിച്ചു.
ദാരിദ്ര്യ രേഖക്ക് മുകളിലുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണു തീരുമാനം. ഇത് ജില്ലയിലെ പതിനായിരക്കണക്കിന്കാര്‍ഡുടമകളെ ബാധിക്കും.
ഇതോടെ എട്ടു രൂപ തൊണ്ണൂറു പൈസ നിരക്കില്‍ ലഭിച്ചിരുന്ന അരിക്ക് ഇനി എപിഎല്‍ കാര്‍ഡുകള്‍ 25 രൂപയോളം നല്‍കേണ്ടി വരും.
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷ ബില്‍ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് സംസ്ഥാനത്ത് റേഷന്‍ വിതരണത്തെ ബാധിച്ചത്. ബി ല്‍ നടപ്പാക്കത്തതു കാരണം സംസ്ഥാനത്തിനുള്ള സൗജന്യനിരക്കിലുള്ള അരി വിഹിതം നിര്‍ത്തലാക്കിയതാണു പുതിയ പ്രതിസന്ധിക്കുകാരണം.
പദ്ധതി നടപ്പാക്കാത്തതിനാല്‍ 2016 നവംബര്‍ മുതല്‍ താങ്ങു വില ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് ഒരു കിലോ അരിക്ക് 22 രൂപയിലധികം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ അടക്കേണ്ടി വരും. അങ്ങി നെ വന്നാല്‍ 8.90 രൂപക്ക് കിട്ടിയിരുന്ന അരിക്ക് 25 രൂപയെങ്കിലും ഗുണഭോക്താക്കള്‍ നല്‍കേണ്ടി വരും.
2013 ആഗസ്റ്റിലാണ് യുപിഎ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്.ഈ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ അരിയും ഗോതമ്പ്, മറ്റു പയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും നല്‍കുന്നതോടൊപ്പം അങ്കണവാടികള്‍ വഴി സ്‌കൂള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര വിതരണവും നടത്തും. പദ്ധതി ലോക്‌സഭ പാസാക്കി കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ പിന്നോക്കം നിന്നത് ഇപ്പോള്‍ വിനയായിരിക്കയാണ്.
ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനവും കഴിഞ്ഞ ദിവസമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."