ഇനിയും ജലവൈദ്യുത പദ്ധതികള്‍ വേണോ?
സമവായത്തിലൂടെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കുന്നതില്‍ കടുത്ത ഉത്സാഹം കാണിക്കുന്നുണ്ട്.
ജലവൈദ്യുതപദ്ധതികള്‍ക്കെതിരേയും അണക്കെട്ടുകള്‍ക്കെതിരേയും ലോകവ്യാപക പ്രതിഷേധങ്ങള്‍ പരിസ്ഥിതിപ്രവര്‍ത്തകരില്‍നിന്നും പൊതുപ്രവര്‍ത്തകരില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത് പിടിവാശിയോടെ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ച മന്ത്രിയുടെ നടപടി ദുരൂഹമാണ്. ജലവൈദ്യുതപദ്ധതികള്‍ ലാഭകരമല്ലെന്നു മാത്രമല്ല അവ എക്കാലത്തും നിലനില്‍ക്കുന്നതുമല്ല. അവ പ്രകൃതിയുടെ താളം തെറ്റിക്കാനും വഴിയൊരുക്കും.
1500 കോടി രൂപ മുടക്കി 140 ഹെക്ടര്‍ വനഭൂമി വെള്ളത്തിലാക്കി നിര്‍മിക്കുന്ന പദ്ധതിയില്‍നിന്നു 163 മെഗാവാട്ട് വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കാനാകൂ. നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ പലവിധ കാരണങ്ങളാല്‍ ചെലവ് പ്രതീക്ഷിച്ചതിലും എത്രയോ കൂടാനാണു സാധ്യത. അഴിമതി സാധ്യതയും തള്ളിക്കളയാനാവില്ല.
ജലവൈദ്യുതപദ്ധതി കാലാന്തരത്തില്‍ അര്‍ഥശൂന്യമായിത്തീരുമെന്നാണു പറയപ്പെടുന്നത്. മഴയെ ആശ്രയിച്ചാണു ജലവൈദ്യുതപദ്ധതികളുടെ നിലനില്‍പ്പ്. ഇടുക്കിയില്‍ അണക്കെട്ട് പണിയുന്ന കാലത്ത് കേരളം ജലസമൃദ്ധമായിരുന്നു. അന്ന് ഇടുക്കി പദ്ധതി അനുഗ്രഹമായിരുന്നു. പില്‍ക്കാലത്തു കാലാവസ്ഥയില്‍ വന്ന വ്യതിയാനങ്ങള്‍ പ്രകൃതിയുടെ താളം തന്നെ തെറ്റിച്ചിരിക്കുന്നു. കേരളത്തില്‍ പലയിടങ്ങളിലും മഴക്കാലം പിന്നിടുംമുമ്പേ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിരിക്കുന്നു. ജലവൈദ്യുതപദ്ധതികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ആവശ്യമായ മഴ കിട്ടാത്തത് പതിവായിത്തീര്‍ന്നിരിക്കുന്നു
വ്യാവസായികവളര്‍ച്ചയുടെ ഫലമായി അന്തരീക്ഷത്തിലേയ്ക്കു പുറംതള്ളുന്ന ഫോസില്‍ വാതകങ്ങളുടെ തോത് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഇതുവഴി അതിഭീകരമായി അന്തരീക്ഷമലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുകയും ഭൂമിയെ സൂര്യതാപത്തില്‍നിന്നു സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഓസോണ്‍ പാളിക്കു വിള്ളലുണ്ടാവുകയും ചെയ്തതായി ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. ഓസോണ്‍ പാളിയിലെ വിള്ളല്‍കാരണം അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിച്ചു ജീവിജാലങ്ങളും സസ്യലതാദികളും നശിച്ചുകൊണ്ടിരിക്കുകയാണ്.
ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകള്‍ ഉരുകിയൊലിച്ചു സമുദ്രനിരപ്പ് ഉയരുകയും ഇതുമൂലം കൊച്ചു ദ്വീപസമൂഹങ്ങള്‍ വെള്ളത്തിലാഴ്ന്നു പോകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. അതികഠിനമായ ചൂടു കാരണം നദികളിലെ വെള്ളം വറ്റിവരളുകയും കുടിവെള്ളക്ഷാമം വര്‍ഷംകൂടുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മഴയുടെ അളവില്‍ ഭീമമായ കുറവു വന്നിരിക്കുന്നുവെന്നാണു വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യം മുന്നിലുള്ളപ്പോള്‍ മഴയെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന ജലവൈദ്യുതപദ്ധതികള്‍ക്കു രൂപംനല്‍കുന്നത് പാഴ്ശ്രമവും പാഴ്‌ച്ചെലവുമാവുകയേയുള്ളു.
കായലുകളും തോടുകളും സുലഭമായ ആലപ്പുഴയില്‍നിന്നുപോലും കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള വാര്‍ത്തകളാണു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ 65 ശതമാനം മേഖലകളും വരള്‍ച്ചയുടെ പിടിയിലായിരുന്നു. ഈ വര്‍ഷം അതു വര്‍ദ്ധിക്കാനാണു സാധ്യത. 30 ശതമാനത്തിന്റെ മഴക്കുറവ് ഇപ്രാവശ്യത്തെ കാലവര്‍ഷത്തിലുണ്ട്. മണ്ണും ജലവും മനുഷ്യനും പരസ്പരപൂരിതമാണെന്ന തിരിച്ചറിവു ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം. മനുഷ്യരെ മറന്നുള്ള വികസനം വികലമായ കാഴ്ചപ്പാടാണ്.
2025 ല്‍ കടുത്ത ജലപ്രതിസന്ധി അനുഭവപ്പെടുന്ന 20 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്നു പോപ്പുലേഷന്‍ ആക്ഷന്‍ ഇന്റര്‍നാഷണല്‍ എന്ന അമേരിക്കന്‍ സംഘടന വളരെ മുമ്പുതന്നെ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഇന്ത്യയുടെ സ്ഥാനം പത്തില്‍ താഴെയാണ്. ഒരാള്‍ക്കു ലഭിക്കേണ്ട വളരെ കുറഞ്ഞ അളവായ മൂന്നു ലിറ്റര്‍ വെള്ളംപോലും സൗജന്യമായി കിട്ടാത്ത ഒരവസ്ഥ നമ്മെ തുറിച്ചുനോക്കുമ്പോള്‍ എന്തിനാണ് വ്യര്‍ഥമായിപ്പോകുന്ന ജലവൈദ്യുതപദ്ധതികള്‍ക്കുവേണ്ടി കോടികള്‍ മുടക്കുന്നതെന്നു സര്‍ക്കാര്‍ ആലോചിക്കണം.
സോളാര്‍ പദ്ധതിയും കാറ്റാടി യന്ത്രങ്ങളും വഴി വന്‍തോതില്‍ വൈദ്യുതിയുല്‍പ്പാദിപ്പിക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയാണു വേണ്ടത്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ മഴയെ ആശ്രയിച്ചുള്ള കൃഷിപോലും അസാധ്യമായിക്കൊണ്ടിരിക്കുമ്പോള്‍ ജലവൈദ്യുതപദ്ധതികള്‍ പരാജയപ്പെടാനുള്ള സാധ്യത ഏറെയാണ്. ഭൂമിയുടെ 70.8 ശതമാനം വെള്ളമാണെങ്കിലും അതില്‍ 97 ശതമാനവും സമുദ്രജലമാണ്. 330 മില്ല്യണ്‍ ക്യുബിക് മൈലില്‍ ഇതു നീണ്ടുപരന്നു കിടക്കുന്നു. രണ്ടുശതമാനം മഞ്ഞുമലകളിലും ധ്രുവപ്രദേശങ്ങളിലും ഘനീഭവിച്ചു കിടക്കുകയാണ്.
ശേഷിക്കുന്ന ഒരു ശതമാനം ശുദ്ധജലത്തിനുവേണ്ടിയായിരിക്കും ലോകം തമ്മിലടിക്കാന്‍ പോകുന്നത്. ഇപ്പോള്‍ത്തന്നെ എണ്‍പതിലധികം രാജ്യങ്ങള്‍ വെള്ളത്തിനുവേണ്ടി തമ്മിലടിച്ചുകൊണ്ടിരിക്കുകയാണ്. 100 കോടി ജനങ്ങള്‍ വെള്ളത്തിനുവേണ്ടി പരക്കംപാഞ്ഞുകൊണ്ടിരിക്കുകയാണെന്നത് കുറേമുമ്പ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട വിവരമാണ്.
ഇന്ത്യയത്തന്നെ പല സംസ്ഥാനങ്ങളിലും നദീജലകരാറുകള്‍ ഇതിനകം ജലരേഖകളായി തീര്‍ന്നിട്ടുണ്ട്. ജലദൗര്‍ലഭ്യംതന്നെയാണിതിനു കാരണം. ഇന്ത്യ- ബംഗ്ലാദേശ് ഗംഗാജലക്കരാര്‍ മാറ്റിമറിക്കപ്പെട്ടു. കാവേരിനദിയില്‍നിന്നു തമിഴ്‌നാടിനു വെള്ളംനല്‍കാന്‍ സുപ്രിംകോടതി പറഞ്ഞിട്ടും കര്‍ണാടകസര്‍ക്കാര്‍ അനങ്ങുന്നില്ല. മുല്ലപ്പെരിയാര്‍ നദീജലത്തര്‍ക്കം കേരളത്തെയും തമിഴ്‌നാടിനെയും നിതാന്തശത്രുക്കളാക്കി. ആളിയാറില്‍ നിന്നു കേരളത്തിനു കിട്ടേണ്ട ജലം തമിഴ്‌നാട് തടസപ്പെടുത്തുന്നു. യമുനാജലം പങ്കുവയ്ക്കുന്നതില്‍ ഹരിയാനയും ഡല്‍ഹിയും തമ്മില്‍ ശത്രുതയിലാണ്.
ഇങ്ങനെയൊക്കെയുള്ള കാലത്ത് അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ സമവായം തേടുന്നത് ആര്‍ക്കുവേണ്ടിയാണ്. പദ്ധതി ലാഭകരമായിരിക്കില്ലെന്നു മാത്രമല്ല പരിസ്ഥിതിനാശം സംഭവിക്കുകയും ചെയ്യും. പശ്ചിമഘട്ടത്തിലെ ഷോളയാര്‍ വനമേഖലയില്‍ ഉള്‍പ്പെട്ട അതിരപ്പിള്ളിയിലുള്ള അപൂര്‍വയിനം പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും സസ്യങ്ങളും മറ്റു ജീവജാലങ്ങളും നശിക്കും. ജൈവവൈവിധ്യങ്ങളുടെ കലവറയായ പ്രദേശം വറ്റിവരളും. മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെടുകയും അവ പിന്‍വാതിലിലൂടെ വിറ്റഴിക്കപ്പെടുകയും ചെയ്യും.
സൈലന്റ്‌വാലി പദ്ധതി നടപ്പാക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ചു മുന്നോട്ടുപോകാന്‍ തുനിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ടാണു നിര്‍ത്തിവയ്പ്പിച്ചത്. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യമോര്‍ത്തിട്ടാണ് അങ്ങനെ ചെയ്തത്. പ്രകൃതിയെ നശിപ്പിക്കുകയും കാലാന്തരത്തില്‍ സ്വയംഉപയോഗശൂന്യമായിത്തീരുകയും ചെയ്യുന്ന അതിരപ്പിള്ളിപോലുള്ള ജലവൈദ്യുതപദ്ധതികള്‍ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."