സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ കഴിയുന്നില്ല: സെഞ്ച്വറി നേടിയിട്ടും കോഹ്ലിക്ക് വിമര്‍ശനം
ഐപിഎല്ലില്‍ നിലവില്‍ മികച്ച ഫോമിലാണ് വിരാട് കോഹ്ലി. കൂടുതല്‍ റണ്‍സ് നേടുന്നവര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ലിസ്റ്റില്‍ ഒന്നാമതാണ് കോഹ്ലി. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 316 റണ്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും കോഹ്ലി ഇതിനോടകം സ്‌കോര്‍ ചെയ്തുകഴിഞ്ഞു. 146 സ്‌ട്രൈക്ക് റേറ്റിലും 105 ശരാശരിയിലുമാണ് കോഹ്ലി കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ കോഹ്ലിയുടെ ഈ പ്രകടനത്തില്‍ വിമര്‍ശനവുമുയരുന്നുണ്ട്. കോഹ്ലി സ്‌കോറിംഗിന് കൂടുതല്‍ ബോളുകളെടുക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം.
ഇന്നലെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്നതോടൊപ്പം തന്നെ കൂടുതല്‍ ബോളുകള്‍ എടുത്ത് നേടിയ സെഞ്ച്വറി എന്ന റെക്കോര്‍ഡും ഇന്നലത്തെ മാച്ചില്‍ കോഹ്ലി നേടി. 67 പന്തുകളാണ് സെഞ്ച്വറിക്കായി വേണ്ടി വന്നത്. നിലവില്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ ഐപിഎല്‍ പ്രകടനങ്ങള്‍ നിര്‍ണ്ണായകമാകുമെന്നുറപ്പാണ്. നേരത്തെ കോഹ്ലിയെ വേള്‍ഡ് കപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിരുദ്ധ അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. വിരാട് കോഹ്ലിയെ മാറ്റി നിര്‍ത്താനാണ് ബിസിസിഐയുടെ മുന്‍പ് ആലോചിച്ചിരുന്നത്.
ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറുടെ കടുത്ത തീരുമാനമാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. വെസ്റ്റിന്റീസിലെ സ്ലോ പിച്ചുകളില്‍ കോഹ്‌ലി പരാജയമായേക്കാമെന്നാണ് ബി.സി.സി.ഐ യുടെ വാദം. കോഹ്ലിക്കു പകരം ഗില്ലിനേയോ ഗയ്ക്വാദിനേയോ വണ്‍ ഡൗണില്‍ കളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐപിഎല്ലില്‍ നിലവില്‍ മികച്ച ഫോമിലാണ് കോഹ്ലി കളിച്ചുകൊണ്ടിരിക്കുന്നത്. സെലക്ടര്‍മാര്‍ക്കിടയില്‍ ഇതൊരു ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. കോഹ്ലിക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ കഴിയുന്നില്ല. അക്രമോത്സുകമായി ബാറ്റ് ചെയ്യുന്ന ഒരു ബാറ്ററെയാണ് ഇന്ത്യ തേടുന്നത്. റണ്‍സ് നേടുന്നതിനൊപ്പം കോഹ്ലി സ്‌ട്രൈക്ക് റേറ്റിനും പരിഗണന കൊടുക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."