ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചു
ഫറോക്ക്: ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞു. കൊളത്തറ കണ്ണാട്ടിക്കുളം താഴത്തെ വീട്ടില്‍ ആനന്ദകുമാറിന്റെ ഭാര്യ പ്രഭയുടെ നാല് പവന്‍ വരുന്ന മാലയാണ് പൊട്ടിച്ചത്.
ബുധന്‍ വൈകിട്ടു 4.45ഓടെ ചെറുവണ്ണൂര്‍ കൊളത്തറ റോഡില്‍ ഫറോക്ക് കോ-ഓപ്പറേറ്റീവ് ബാങ്കിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ വാഹനം കാത്തുനില്‍ക്കെയാണ് പിടിച്ചുപറി. ഹീറോഹോണ്ട സി.ബി.ഇസഡ് ബൈക്കിലെത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ബാങ്ക് കവാടത്തില്‍ നിന്നും നടന്നു വന്നു പെടുന്നനെ മാല പൊട്ടിച്ചു സമീപത്തു സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരുന്ന ബൈക്കില്‍ കയറി വേഗത്തില്‍ സുബ്രഹ്മണ്യം ക്ഷേത്രം വഴി കടന്നു കളയുകായിരുന്നു. സംഭവ സമയം പരിസരത്തെ കടയില്‍ രണ്ട് പ്രായമായവര്‍ മാത്രമാണുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ ചിലര്‍ യുവാക്കളെ പിന്തുടര്‍ന്നെങ്കിലും ഇവരുടെ വാഹനം ബസിലിടിച്ചു അപകടമുണ്ടായി. ആര്‍ക്കും കാര്യമായ പരുക്കില്ല. ഫറോക്ക്, ബേപ്പൂര്‍ , ചെറുവണ്ണൂര്‍ മേഖലയില്‍ ബൈക്കിലെത്തി സ്വാര്‍ണാഭാരണം പൊട്ടിച്ചെടുക്കല്‍ വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ ഒന്‍പത് സംഭവങ്ങള്‍ ചെറുവണ്ണൂര്‍ - നല്ലളം സര്‍ക്കിളിലുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."