പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം നിര്‍മാണത്തിന് ഫണ്ടില്ല
\
പയ്യന്നൂര്‍: പയ്യന്നൂരില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഗാന്ധി മ്യൂസിയം അനിശ്ചിതത്വത്തില്‍. രാഷ്ട്രപിതാവിന്റെ ജീവിതം പുതുതലമുറയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ ആരംഭിക്കേണ്ടിയിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയാണ് ഫണ്ടിന്റെ അപര്യാപ്തതയില്‍ തിരിച്ചടി നേരിടുന്നത്. മ്യൂസിയം പൂര്‍ത്തീകരണത്തിന് കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന ഘട്ടത്തില്‍ ഒരു കോടി രൂപ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന കെ.പി നൂറുദ്ദീന്‍ നേരിട്ട് കണ്ട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തുക അനുവദിച്ചത്. എന്നാല്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ബജറ്റില്‍ ഉള്‍പ്പെടുത്താതെ പ്രഖ്യാപിച്ചതിനാല്‍ ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാരും അനുകൂല സമീപനമൊന്നും സ്വീകരിച്ചില്ല. പുതുതായി ചുമതലയേറ്റ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍ മ്യൂസിയം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വി.എസ് സര്‍ക്കാറിന്റെ കാലത്ത് ടി ഗോവിന്ദന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരിക്കെയാണ് മ്യൂസിയത്തിനായി 55 ലക്ഷം അനുവദിച്ചത്. ഖാദിയുടെ പയ്യന്നൂരിലെ സുവര്‍ണ ജൂബിലി കെട്ടിടത്തിലായിരുന്നു മ്യൂസിയം ആരംഭിക്കാന്‍ ഉദ്ദേശിച്ചത്. അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്തി മുല്ലപ്പള്ളി രാമചന്ദ്രനാണ് മ്യൂസിയത്തിനു തറക്കല്ലിട്ടത്. എന്നാല്‍ പദ്ധതിയില്‍ പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. യു.ഡി.എഫ് സര്‍ക്കാര്‍ വരികയും സുവര്‍ണ ജൂബിലി കെട്ടിടത്തിന് പകരം ഖാദിയുടെ പഴയ കെട്ടിടം നവീകരിച്ച് മ്യൂസിയം ഇവിടെ ഒരുക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ചിരുന്ന 55 ലക്ഷം രൂപ നവീകരണത്തിനായി ഉപയോഗപ്പെടുത്തി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയില്‍ ഗാന്ധി സ്മൃതി മന്ദിരമെന്ന പേരില്‍ നടത്തുകയും ചെയ്തു. മ്യൂസിയത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമാണ്. ഇതിനിടെ ഫണ്ടില്ലാത്തത് ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഒരു കോടി രൂപ അനുവദിച്ചതായി ഉമ്മന്‍ ചാണ്ടി അറിയിച്ചത്. ബജറ്റില്‍ ഉള്‍പ്പെടുത്താതെ ഫണ്ട് പ്രഖ്യാപിച്ചെങ്കിലും കാലാവധിക്ക് മുന്‍പ് തുക അനുവദിച്ച് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. പുതുതായി വന്ന സര്‍ക്കാറിന് ഗാന്ധി മ്യൂസിയം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതേയുള്ളൂ. ഖാദിയുടെ ചരിത്രം, പഴയ കാല ചര്‍ക്കകള്‍, തറികള്‍, ഖാദിയുടെ വികാസ പരിണാമങ്ങള്‍, പോര്‍ബന്ധര്‍, സബര്‍മതി ആശ്രമം, വാര്‍ധ എന്നിവിടങ്ങളില്‍ നിന്നു ഗാസിജിയുമായി ബന്ധപ്പെട്ട വിശിഷ്ട സാധന, സാമഗ്രികള്‍ എന്നിവയെല്ലാം എത്തിച്ചാണ് മ്യൂസിയം ഒരുക്കുന്നത്. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് പഠനം, റിസര്‍ച്ച് എന്നിവക്കെല്ലാം സൗകര്യമൊരുക്കുകയെന്നതും മ്യൂസിയത്തിലൂടെ ലക്ഷ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."