വട്ടച്ചോലയില്‍ കുടിവെള്ള പദ്ധതിയുണ്ട്; കുടിക്കാന്‍ വെള്ളമില്ല
മേപ്പാടി: മുപ്പൈനാട് പഞ്ചായത്തിലെ വടുവഞ്ചാല്‍ വട്ടച്ചോലയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കുടിവെള്ള പദ്ധതിയുണ്ടങ്കിലും നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. അശാസ്ത്രീയമായ രീതിയിലുള്ള ജലവിതരണമാണ് നാട്ടുകാരെ പ്രയാസത്തിലാക്കുന്നത്. വട്ടച്ചോല പുഴയില്‍ നിന്നുള്ള ജലം ശുദ്ധീകരിക്കാതെ വിതരണം ചെയ്യുകയാണ്. അതിനാല്‍ പദ്ധതിയുടെ വെള്ളം കുടിവെള്ളത്തിനായി നാട്ടുകാര്‍ ഉപയോഗിക്കുന്നില്ല. പകരം ദൂരങ്ങളില്‍ നിന്നും തലച്ചുമടായാണ് വെള്ളം ശേഖരിക്കുന്നത്. 1982ല്‍ വി.പി ഗംഗാധരന്‍ ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ സ്ഥാപിച്ച പദ്ധതിയാണിത്. ഇത് വരെയും പദ്ധതി കമ്മീഷന്‍ ചെയ്തിട്ടുപോലുമില്ല. വട്ടച്ചോല കല്ലികെണി, ചെല്ലങ്കോട് തുടങ്ങി പാടിവയല്‍ വരെ 800ലേറെ വിടുകളിലേക്ക് പദ്ധതിയില്‍ നിന്നും ജലം എത്തുന്നുണ്ട്. എന്നാല്‍ പ്രദേശവാസികളാരും ആഹാരം പാകം ചെയ്യുന്നതിനോ മറ്റും ഈ വെള്ളം എടുക്കുന്നില്ല. പുഴവെള്ളം നേരിട്ട് പമ്പ് ചെയ്യുന്നതിനാല്‍ ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പടെ ഇടക്കിടെ പിടിപ്പെടുകയാണന്ന് നാട്ടുകാര്‍ പറയുന്നു. ശുദ്ധീകരണ സംവിധാനം കൂടി കാര്യക്ഷമമാക്കിയാല്‍ മുപ്പൈനാട് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ജല വിതരണം ചെയ്യാന്‍ കഴിയുമെന്നിരിക്കെ അധികൃതര്‍ ഇത് അവഗണിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."