കോടതികളില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസിന് സ്പീക്കറുടെ കത്ത്
തിരുവനന്തപുരം:കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നിര്‍ഭയം പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചു.
അറിയാനും അറിയിക്കാനുമുള്ള അവകാശം നിലനില്‍ക്കുമ്പോഴേ ജനാധിപത്യം പുഷ്‌കലമാകൂ എന്നും ഇതിനു മാധ്യമസ്വാതന്ത്ര്യം ആവശ്യമാണെന്നും കത്തില്‍ പറയുന്നു. സമീപകാലത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷക സമൂഹവും തമ്മില്‍ രൂപപ്പെട്ട സംഘര്‍ഷം വേദനാജനകവും അനഭിലഷണീയവുമാണ്. ഇതിന്റെ ഭാഗമായി വിധികള്‍, മറ്റു കോടതി നടപടിക്രമങ്ങള്‍, കോടതിയും കേസുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്.
കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യം അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ നിഷേധമാണ്. പ്രശ്‌നപരിഹാരത്തിനു മുഖ്യമന്ത്രിയുടെ രണ്ട് ഇടപെടലുകളും ഫലം കണ്ടില്ല എന്നത് ഗൗരവതരമായി പരിഗണിക്കേണ്ട വിഷയമാണ്.
രാഷ്ട്രപതിയും ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചര്‍ച്ച ചെയ്തിട്ടും ഹൈക്കോടതി രജിസ്ട്രാര്‍ പ്രശ്‌നപരിഹാരത്തിനു ഇടപെടലുകള്‍ നടത്തിയിട്ടും തുടരുന്ന സംഘര്‍ഷം ആശാസ്യമല്ലെന്നും സ്പീക്കറുടെ കത്തില്‍ പറയുന്നു.
അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും ശേഷവും കോടതികളില്‍ സംഘര്‍ഷം തുടരുന്നു എന്ന അവസ്ഥ ഒരു സാഹചര്യത്തിലും ജനാധിപത്യ പാരമ്പര്യങ്ങള്‍ക്ക് ഭൂഷണമല്ല.
സമൂഹത്തിലെ ഏറ്റവും മാന്യമായ തൊഴില്‍മേഖലകളാണ് മാധ്യമപ്രവര്‍ത്തനവും അഭിഭാഷകവൃത്തിയും. ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ അതിരുവിട്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ സവിശേഷമായ ശ്രദ്ധ ഉണ്ടാകണമെന്നും സ്പീക്കര്‍ കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."