പൊലിസ് ആസ്ഥാനത്ത് സ്മൃതിദിന പരേഡ് സംഘടിപ്പിച്ചു
തിരുവനന്തപുരം: കൃത്യ നിര്‍വഹണത്തിനിടയില്‍ മരണപ്പെട്ട പൊലിസ് സേനാംഗങ്ങള്‍ക്ക് സംസ്ഥാന പൊലിസ് സ്മരണാഞ്ജലി അര്‍പ്പിച്ചു. കേരള പൊലിസിലെ കാസര്‍കോട് റെയില്‍വെ പൊലിസ് സ്റ്റേഷന് സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാജീവന്.എം.ബി, കൊല്ലം സിറ്റി എ.ആര്.ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസര്‍ സജി സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തെ വിവിധ പൊലിസ് വിഭാഗങ്ങളിലായി 473 പേര്‍ക്കാണ് സ്മരണാഞ്ജലി അര്‍പ്പിച്ചത്.
പൊലിസ് ആസ്ഥാനത്ത് സ്മൃതിദിന പരേഡിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ, റിട്ടയേര്‍ഡ് ഡി.ജി.പി.മാരായ ആര്.പി.സി. നായര്‍, രമണ്‍ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ്, മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം.പോള്‍, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സര്‍വിസിനിടെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ രാജ്യത്ത് മരണമടഞ്ഞ 473 പൊലിസ് സേനാംഗങ്ങളുടെ പേരുകള്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി. ആര്.ശ്രീലേഖ വായിച്ചു. ലഡാക്കിലെ ഹോട്ട് സ്പ്രിങ്ങില്‍ 1959 ഒക്ടോബര്‍ 21ന് കാണാതായ പൊലിസ് സേനാംഗങ്ങളെ കണ്ടെത്താന്‍ പോയ പൊലിസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ പത്തുപേര്‍ക്ക് ജീവന് വെടിയേണ്ടിവന്നു. ആ ധീരപോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓര്മ പുതുക്കുന്ന ദിനത്തിലാണ് കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ ജീവന് വെടിഞ്ഞ രാജ്യത്തെ വിവിധ പൊലിസ് വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങ് എല്ലാവര്‍ഷവും സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."