കാന്‍സര്‍ കണ്ടെത്താനും സ്മാര്‍ട്ട്‌ഫോണ്‍!
സാങ്കേതികവിദ്യയുടെ വളര്‍ച്ചകണ്ട് മൂക്കത്തുവിരല്‍വച്ചുപോകും. ചില കണ്ടുപിടിത്തങ്ങള്‍ നമ്മെ അതിന്റെ വേഗത എത്ര മടങ്ങിലാണെന്ന ഏകദേശ ധാരണ നല്‍കാന്‍ സഹായിക്കും. നിലവില്‍ കാന്‍സര്‍ പരിശോധന വളരെയേറെ സമയം പിടിക്കുന്നതും ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമാണ്. സ്‌പെക്ട്രോമീറ്ററിന്റെ സഹായത്തോടെയാണ് ഇതു കണ്ടെത്തുന്നതിനാല്‍ എല്ലാ ആശുപത്രികളിലും പരിശോധനയ്ക്കുള്ള സൗകര്യവും ലഭ്യമായിക്കൊള്ളണമെന്നില്ല. ഈ കാരണങ്ങളെല്ലാം കൊണ്ട് രോഗ സംശയമുള്ളവര്‍പോലും പരിശോധനയില്‍ നിന്ന് പിന്‍മാറുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ശരീരത്തിലെ കോശങ്ങളെ മുക്കാല്‍ ഭാഗവും കവര്‍ന്നശേഷമായിരിക്കും പലതരം കാന്‍സറും കണ്ടെത്താനാവുന്നത്.
ബ്ലഡ് ടെസ്റ്റ്, പ്രെഗ്നന്‍സി ടെസ്റ്റ് പോലെ കാന്‍സര്‍ ടെസ്റ്റും എളുപ്പത്തില്‍ ചെയ്യാനാവുന്ന കാലം വിദൂരമല്ലെന്നാണ് വാഷിങ്ടണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള കണ്ടുപിടിത്തം പറയുന്നത്. കാന്‍സറും അതിന്റെ ലക്ഷണങ്ങളും കണ്ടെത്താന്‍ കൈപ്പിടിയിലൊതുങ്ങുന്ന സ്‌പെക്ട്രോമീറ്റര്‍ കണ്ടുപിടിച്ചിരിക്കുകയാണവര്‍. സ്‌പെക്ട്രത്തിന്റെ സ്ഥിതി തിരിച്ചറിയാന്‍ വലിയ കംപ്യൂട്ടര്‍ സ്‌ക്രീനുകളും വേണ്ടിവരില്ല, പകരം, സ്മാര്‍ട്ട്‌ഫോണിലൂടെ എല്ലാം വിലയിരുത്താനാവുന്ന തരത്തിലാണ് ഉപകരണത്തിന്റെ രൂപകല്‍പന.
ഏറ്റവും വേഗത്തിലും കൃത്യമായും ചെലവുകുറഞ്ഞ രീതിയിലും കാന്‍സര്‍ കണ്ടെത്താനാവുമെന്നതാണ് ഉപകരണത്തിന്റെ ഏറ്റവുംവലിയ സവിശേഷത. എട്ട് ചാനലുകളിലൂടെ പരിശോധന നടത്താമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇതിലൂടെ സമാനമായ പരിശോധനയ്ക്ക് എട്ട് വിഭിന്നമായ സാമ്പിളുകള്‍ ഒന്നിച്ച് നല്‍കാനാവും. എട്ട് വ്യത്യസ്ത പരിശോധനകള്‍ക്കായി എട്ട് സാമ്പിളുകളും ഒന്നിച്ചു നല്‍കാം.
യൂനിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ് പ്രൊഫസര്‍ ലെയ് ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുപ്രധാനമായ കണ്ടുപിടിത്തം ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്. ഉപകരണത്തില്‍ ആപ്പിള്‍ ഐഫോണ്‍ അഞ്ചാണ് ലി ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. വൈകാതെ മറ്റു ഫോണുകളിലും ഉപയോഗിക്കാനാവുന്ന വിധത്തില്‍ ഉപകരണത്തിന്റെ ഡിസൈനെല്ലാം മാറ്റി വിപണിയിലിറക്കാനാണ് ലീയുടെ ലക്ഷ്യം. ഏകദേശം പതിനായിരം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."