ബി.ജെ.പി. പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു
പാവറട്ടി: തിരുനെല്ലൂര്‍ ഇടിയഞ്ചിറയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുനെല്ലൂര്‍ കളപ്പുരയ്ക്കല്‍ കണ്ണന്റെ മകന്‍ വിഷ്ണുപ്രസാദിനാണ് (29) വെട്ടേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ വിഷ്ണുപ്രസാദിനെ പാവറട്ടി ഹോസ്പിറ്റലിലും പിന്നീട് തൃശൂര്‍ അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. വിഷ്ണുവിനെ ആക്രമിച്ചതിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്നു വിഷ്ണുപ്രസാദിനെ ഇടിയഞ്ചിറ മേല്‍പ്പാലത്തിന് സമീപം കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ വിഷ്ണുപ്രസാദ് സമീപത്തെ ഒരു വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ഈ വീടിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. വെട്ടേറ്റ് വലത്തെ കൈവിരലുകള്‍ അറ്റ് തൂങ്ങിയ നിലയിലാണ്. കാറില്‍ ആറ് പേര്‍ ഉണ്ടായിരുന്നതായി വിഷ്ണുപ്രസാദ് പറഞ്ഞു.
സി.പി.എം തിരുനെല്ലൂര്‍ ബ്രാഞ്ച് അംഗം മതിലകത്ത് വീട്ടില്‍ ഷിഹാബുദ്ധീന്‍ വധക്കേസിലെ ഏഴാം പ്രതി വിജയശങ്കറിന്റെ സഹോദരനാണ് വിഷ്ണു. ഗുരുവായൂര്‍ എ.സി.പി ശിവദാസന്‍, പാവറട്ടി എസ്.ഐ എസ്. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവമറിഞ്ഞ് ബി.ജെ.പി ജില്ലാപ്രസിഡന്റ് എ.നാഗേഷിന്റെ നേതൃത്വത്തില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിഷ്ണുപ്രസാദിനെ പ്രവേശിപ്പിച്ച അശ്വനി ആശുപത്രി പരിസരത്ത് തൃശ്ശൂര്‍ ഈസ്റ്റ് എസ്.ഐ പി.ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."