ബാങ്ക് പരിധിക്കുപുറത്ത് ആരംഭിച്ച ശാഖകളും കറസ്‌പോണ്ടന്റ് സെന്ററുകളും അടച്ചുപൂട്ടണമെന്ന്
മുക്കം: കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്കിന് വീണ്ടും തിരിച്ചടി നല്‍കി സഹകരണ വകുപ്പ് രജിസ്ട്രാറുടെ ഉത്തരവ്. പരിധിക്കുപുറത്ത് നിയമം ലംഘിച്ച് ആരംഭിച്ച ശാഖകളും കറസ്‌പോണ്ടന്റ് സെന്ററുകളും അടച്ചുപൂട്ടാനാവശ്യപ്പെട്ട് സഹകരണസംഘം രജിസ്ട്രാര്‍ ജൂലൈ 15ന് ഇറക്കിയ ഉത്തരവ് ശരിവച്ചു കൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയത്.
സഹകരണസംഘം രജിസ്ട്രാറുടെയോ കോഴിക്കോട് ജോയിന്റ് റജിസ്ട്രാറുടെയോ രേഖാമൂലമുള്ള മുന്‍ അനുമതിയില്ലാതെ ബാങ്ക് പാലാഴിയിലും പുവ്വാട്ടുപറമ്പിലും ശാഖകള്‍ ആരംഭിച്ചത് സഹകരണ നിയമം വകുപ്പ് 74 ബി ഉപവകുപ്പ് (2) പ്രകാരം നിയമവിരുദ്ധമാണെന്ന് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ വിധിച്ചു. 1969ലെ കേരള സഹകരണസംഘങ്ങള്‍ നിയമത്തിലെ വകുപ്പ് 74 ബി ഉപവകുപ്പ് (2), വകുപ്പ് 9 ലെ പ്രൊവിസോ, വകുപ്പ് 66 എ, ചട്ടം 180 എന്നിവ നിരീക്ഷിച്ചാണ് റജിസ്ട്രാര്‍ ഈ മാസം മൂന്നിന് പുതിയ ഉത്തരവിറക്കിയത്.
ബാങ്കിന് 'ബിസിനസ് കറസ്‌പോണ്ടന്റ് പദ്ധതി ' നടപ്പിലാക്കാനാണ് അനുമതിയുള്ളതെന്നും ആയതിന് പ്രത്യേക ഓഫിസുകള്‍ തുറക്കുകയോ ജീവനക്കാരെ നിയമിക്കകയോ ചെയ്യേണ്ടതില്ലെന്ന കാര്യം 2016 മെയ് 21ന് രജിസ്ട്രാര്‍ കത്തിലൂടെ വ്യക്തമാക്കിയതാണെന്നും എന്നിട്ടും ലക്ഷക്കണക്കിന് രൂപ ചെലവാക്കി പത്ത് സ്ഥലങ്ങളില്‍ വലിയ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുക്കുകയും വന്‍തുക ചെലവാക്കി ഓഫിസുകള്‍ സജ്ജീകരിക്കുകയും ചെയ്തതുവഴി പൊതു ജനങ്ങളുടെ പണം നിക്ഷേപമായി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയതായി ബോധ്യമായെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബിസിനസ് കറസ്‌പോണ്ടന്റ് സെന്ററുകള്‍ തുടങ്ങുന്നതിന് ഓഫിസുകള്‍ തുറക്കാന്‍ ബാങ്കിന്റെ ബൈലോയില്‍ വ്യവസ്ഥയില്ലാത്തതിനാലും ജീവനക്കാരെ നിയമിക്കാന്‍ റജിസ്ട്രാര്‍ അനുമതി നല്‍കിയിട്ടില്ലാത്തതിനാലും ബാങ്കിന്റെ നടപടി സഹകരണ ചട്ടം 180 ന്റെ ലംഘനമാണെന്നാണ് രജിസ്ട്രാര്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."