ക്ഷേത്രത്തില്‍ മോഷണം;സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
മുക്കം: കൂടരഞ്ഞി കോലോത്തുംകടവ് പോര്‍ക്കലി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നു. ക്ഷേത്രത്തിന്റെ ഓഫിസില്‍ സൂക്ഷിച്ചിരുന്ന ഒന്നര പവന്‍ സ്വര്‍ണവും 50000 രൂപയും നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ വാതില്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ക്ഷേത്രത്തിന് പുറക് വശത്ത് സൂക്ഷിച്ച പിക്കാസ് ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് ഓഫിസില്‍ കടന്നത്. ഓഫിസിലെ ലോക്കറിന്റെ പൂട്ടുപൊളിച്ച് സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ഓഫിസ് സ്റ്റാഫ് റീനയാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്.
ഉടന്‍ ക്ഷേത്രം ഭാരവാഹികളേയും പൊലിസിലും വിവരമറിയിക്കുകയായിരുന്നു. തിരുവമ്പാടി പൊലിസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി.
വ്യാഴാഴ്ച രാത്രി ആറാം ബ്ലോക്കിലെ ഒരു കടയിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്ന് മോഷണം പോയ സിഗരറ്റ് ഉള്‍പ്പെടെയുളള സാധനങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് പൊലിസിന് കിട്ടിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പും ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."