കുറ്റകൃത്യങ്ങള്‍ തടയാന്‍ ബോധവല്‍ക്കരണവുമായി പൊലിസ്
ഗൂഡല്ലൂര്‍: കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിച്ച് നീലഗിരി പൊലിസ്. ഗൂഡല്ലൂര്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്.
കേരള- കര്‍ണാടക അതിര്‍ത്തി ജില്ലയായ നീലഗിരിയില്‍ ഈയടുത്തായി കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഇതില്‍ പ്രധാനപ്പെട്ട സ്ഥലം ഗൂഡല്ലൂരുമാണ്.കുറ്റകൃത്യങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ധേശിക്കുന്നത്.
ഗൂഡല്ലൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ നടന്ന ബോധവത്കരണ പരിപാടി ആര്‍.ഡി.ഒ വെങ്കിടാചലം ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ അബ്ദുര്‍റഹ്മാന്‍, ഡിവൈ.എസ്.പി ഇന്‍ചാര്‍ജ് ബാലസുബ്രഹ്മണ്യന്‍, ഇന്‍സ്‌പെക്ടര്‍ ശക്തിവേലു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുറ്റകൃത്യങ്ങള്‍ കുറക്കാനായി നാട്ടുകാര്‍ക്ക് പൊലിസ് കുറച്ച് നിര്‍ദേശങ്ങള്‍ നലകിയിട്ടുണ്ട്.
രാത്രിസമയത്ത് വീടിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വൈദ്യൂതി വിളക്കുകള്‍ സ്ഥാപിക്കുക, വീടിന്റെ വാതിലുകള്‍ അടച്ചുറപ്പുള്ളതാക്കുക, വാതിലില്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് കാണുന്ന വിധം ലെന്‍സ് സ്ഥാപിക്കുക, വീട്ടിനുള്ളില്‍ അലാറം സ്ഥാപിക്കുക, സി.സി.ടി.വി കാമറ സ്ഥാപിക്കുക, ജോലിക്കെത്തുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കുക, വീട്പൂട്ടി പുറത്ത് പോകുമ്പോള്‍ സമീപത്തെ പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുക, ഫ്‌ളാറ്റുകളാണെങ്കില്‍ വിസിറ്റേഴ്‌സ് രജിസ്റ്റര്‍ ഏര്‍പ്പെടുത്തുക, വീടിന്റെ താക്കോല്‍ വീടിന് സമീപത്ത് വെക്കാതിരിക്കുക, വീട്ടിലെ വിലപിടിപ്പുള്ള ആഭരണങ്ങള്‍, പണം എന്നിവ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലിസ് നല്‍കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടാം. ഗൂഡല്ലൂര്‍ ഡിവൈ.എസ്.പി ഓഫിസ്: ഫോണ്‍ നമ്പര്‍: 04262 261227. മൊബൈല്‍: 9443484955. ഗൂഡല്ലൂര്‍ പൊലിസ് സ്റ്റേഷന്‍: 04262 261249.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."