സി.പി.എമ്മിനെ ഞെട്ടിച്ച് അരീക്കാട്ടെ തോല്‍വി
കോഴിക്കോട്: സി.പി.എം നേതാവും മേയറുമായിരുന്ന വി.കെ.സി മമ്മദ് കോയ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജിവച്ച വാര്‍ഡ് ഉപതെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തത് സി.പി.എമ്മിന് തിരിച്ചടിയായി.
കോഴിക്കോട് കോര്‍പറേഷനിലെ അരീക്കാട് വാര്‍ഡിലാണ് യു.ഡി.എഫ് അട്ടിമറി വിജയം നേടിയത്. വി.കെ.സി വിജയിച്ച ബേപ്പൂര്‍ മണ്ഡലത്തില്‍ തന്നെ ഉള്‍പ്പെടുന്നതാണ് അരീക്കാട് വാര്‍ഡ്.
എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ ഇവിടെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച എസ്.വി സയ്യിദ് മുഹമ്മദ് ഷമീലാണ് 416 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.
സി.പി.എമ്മിലെ ടി.മൊയ്തീന്‍കോയയെയാണ് ശമീല്‍ പരാജയപ്പെടുത്തിയത്. മേയറായിരുന്ന വി.കെ.സി മമ്മദ് കോയ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പോള്‍ ചെയ്ത 4511 വോട്ടില്‍ ഷമീലിന് 2231 വോട്ട് ലഭിച്ചപ്പോള്‍ ടി.മൊയ്തീന്‍കോയക്ക് 1815 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ഥി അനില്‍കുമാറിന് 396 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 202 വോട്ടുകള്‍ക്കാണ് വി.കെ.സി മമ്മദ് കോയ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെയായി ഇപ്പോള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം. വെള്ളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 74.29 ശതമാനമായിരുന്നു പോളിങ്.
എസ്.എഫ്.ഐയിലൂടെ വളര്‍ന്ന് മുസ്ലിം ലീഗിലെത്തിയ മുഹമ്മദ് ഷമീലായിരുന്നു കഴിഞ്ഞ തവണ വി.കെ.സിയുടെ എതിരാളി. ഇടതുമുന്നണി സ്ഥാനാര്‍ഥി മൊയ്തീന്‍കോയ കോര്‍പ്പറേഷന്റെ കഴിഞ്ഞ ഭരണസമിതിയില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇത്തവണ സി.പി.എം വോട്ടുകള്‍ ചോരുമെന്ന് തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ സംശയമുണ്ടായിരുന്നു. ഇത് കണക്കുകൂട്ടി പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വതന്ത്രനായാണ് യു.ഡി.എഫ് നേതൃത്വം ഷമീലിനെ മത്സരിപ്പിച്ചത്.
പ്രാദേശിക അടിയൊഴുക്കുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായതായി കരുതുന്നു. പാര്‍ട്ടി തട്ടകത്തില്‍ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സി.പി.എമ്മിന് കനത്ത ആഘാതമായി. തെരഞ്ഞെടുപ്പ് വിജയത്തോടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫ് അംഗങ്ങളുടെ എണ്ണം 21 ആയി. എല്‍.ഡി.എഫിന്റേത് 48ല്‍ നിന്ന് 47 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."