കൃഷിനാശം സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം ലഭിച്ചില്ല; പ്രതിരോധ പ്രവര്‍ത്തനം പാളുന്നു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തു പെയ്ത കനത്ത മഴയില്‍ ചെളിയും മണ്ണും കുത്തിയൊഴുകി കൃഷി നാശം സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം ലഭിച്ചില്ല. പദ്ധതി പ്രദേശത്തു നിന്നു താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറാതിരിക്കാന്‍ പുതുതായി നിര്‍മിക്കാന്‍ തീരുമാനിച്ച അഞ്ചോളം ചെറു തോടുകളുടെയും ഒരു പ്രധാന തോടിന്റെയും നിര്‍മാണ പ്രവര്‍ത്തി പാതിവഴിയില്‍ നിലച്ചിരിക്കുകയുമാണ്. കഴിഞ്ഞ വര്‍ഷവും കഴിഞ്ഞ മാസങ്ങളിലുമുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണു പദ്ധതി പ്രദേശത്തു നിന്നു ചെളിവെള്ളം കല്ലും മണ്ണും ഒലിച്ച് ഏക്കര്‍ കണക്കിനു നെല്‍കൃഷിയും കാര്‍ഷിക വിളകളും നശിച്ചത്. കല്ലേരിക്കര, കാര ഭാഗങ്ങളിലാണു കൂടുതലായി നാശമുണ്ടായത്.
കൃഷി നാശം കാരണം പരിസരവാസികളുയര്ത്തിയ പ്രതിഷേധത്തെ തുര്‍ന്നു നിലവിലെ തോട് താല്‍ക്കാലികമായി നവീകരിച്ചെങ്കിലും കൃഷി നശിച്ചവര്‍ക്കു നഷ്ടം പരിഹാരം നല്‍കിയില്ലെന്നാണു പരാതി. എളമ്പാറ, കൊതേരി, കാനാട് പ്രദേശങ്ങളിലെയും കാര്‍ഷികവിളകളും ഫലങ്ങളും ഒലിച്ചുപോവുകയും കിണറുകളില്‍ ചെളിവെള്ളം കയറി മലിനമാവുകയുമുണ്ടായി. വീടുകളുടെ മതില് തകരുകയും ചെയ്തിരുന്നു.
പദ്ധതി പ്രദേശത്തു നിന്നു വെള്ളം പുറത്തെത്തിക്കുന്നതിനു വേണ്ടി തോടുകള്‍ നിര്‍മിക്കാന്‍ മൈനിങ്ങ് ആന്റ് ഇറിഗേഷന്‍ വകുപ്പിനോടു നിര്‍ദേശം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രധാന തോടുകള്‍ ഉള്‍പ്പെടെ അഞ്ചുതോടുകളുടെ നിര്‍മാണത്തിനായി അഞ്ചുകോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കിയിരുന്നു. പ്രവര്‍ത്തി ആരംഭിച്ചെങ്കിലും തുക അനുവദിക്കാത്തതിനെ തുടര്‍ന്നു പ്രവര്‍ത്തി പാതിവഴിയില്‍ നിലക്കുകയായിരുന്നു.
എട്ടു കിലോമീറ്റര്‍ നീളത്തിലാണു തോട് നിര്‍മിക്കേണ്ടിയിരുന്നത്. ഇതിനു പുറമേ അഞ്ചുചെറുതോടുകളും നിര്‍മിക്കാനാണ് കിയാല്‍ നിര്‍ദേശിച്ചത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു മുമ്പേ തന്നെ ഈ പ്രവൃത്തിയും പൂര്ത്തികരികേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."