കണ്‍സ്യൂമര്‍ സ്റ്റോറിലെ സാമ്പത്തിക ക്രമക്കേട്: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
തലശ്ശേരി: മീത്തലെ ചമ്പാട് കണ്‍സ്യൂമര്‍ കോ.ഓപ്പ് സ്റ്റോറിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്തി. മീത്തലെ ചമ്പാട് സ്വദേശി നിങ്കിലേരി മുസ്തഫയുടെ പരാതി പ്രകാരമായിരുന്നു വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കണ്‍സ്യൂമര്‍ സ്റ്റോറിലെ പടക്ക വില്‍പനയില്‍ വന്‍ സാമ്പത്തിക ക്രമക്കേട് ഉണ്ടായതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷുക്കാലത്ത് 12 മുതല്‍ 15 ടണ്‍ വരെ പടക്കങ്ങള്‍ ഇവിടെ വില്‍പന നടത്താറുണ്ടെന്നും എന്നാല്‍ ഇതു കണ്‍സ്യൂമര്‍ സ്റ്റോറിന്റെ കണക്കില്‍പ്പെടുത്താതെ ചില സ്ഥാപിത താല്‍പര്യക്കാര്‍ ലാഭം കൊയ്യുകയാണെന്നും ഇക്കാലമത്രയും പടക്ക വില്‍പനയിലൂടെ ലഭിച്ച ലാഭം ഷെയര്‍ ഉടമകള്‍ക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഇഷ്ടിക, ഹോളോബ്രിക്‌സ്,സിമന്റ്, പൂഴി, ജില്ലി തുടങ്ങിയവയും സ്റ്റോറില്‍ വില്‍പന നടത്താറുണ്ട്.ഇതിന്റെ സ്റ്റോക്കുകളും വില്‍പനയും രേഖകളില്‍ കാണിക്കാറില്ലെന്നും അതിനാല്‍ ഇവിടെ നടക്കുന്ന സാമ്പത്തിക അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജേക്കബ് തോമസിനായിരുന്നു മുസ്തഫ പരാതി നല്‍കിയിരുന്നത്. പരാതി പരിഗണിച്ച വിജിലന്‍സ് സ്ഥാപനത്തിലെത്തി പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ വിഷുക്കാലത്ത് ഈ സ്റ്റോറില്‍ നിന്നു പൊലിസ് കണക്കില്‍പെടാത്ത പടക്കങ്ങള്‍ കണ്ടു കെട്ടുകയുണ്ടായി. എന്നാല്‍ ഇതില്‍ പിന്നീട് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിക്കാരന്‍ വിജിലന്‍സിന് മുമ്പാകെ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് പരാതിക്കാരനില്‍ നിന്നു മൊഴി രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."