ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞ് കോളജ് ബസിലിടിച്ചു
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം ജവഹര്‍ കോളനി റോഡിന് മുന്‍ വശം ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കോളജ് ബസിലിടിച്ച് 24 വിദ്യാര്‍ഥികളടക്കം 28 പേര്‍ക്ക് പരുക്ക്. തിരുവില്വാമല പാമ്പാടി നെഹ്‌റു കോളേജ് ഓഫ് എന്‍ജിനീയറിങ് റിസേര്‍ച്ച് സെന്ററിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ രാവിലെ 7.45 ഓടെയായിരുന്നു അപകടം. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് പാമ്പാടിയിലേക്ക് പോവുകയായിരുന്നു ബസ്. എതിരെ മെറ്റലുമായി വരികയായിരുന്നു ടിപ്പര്‍ ലോറി. സ്‌കൂള്‍ ബസിനെ മറികടന്നെത്തിയ കാറിനെ രക്ഷപ്പെടുത്താന്‍ ടിപ്പര്‍ ലോറി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിടുകയും, ലോറി തലകീഴായി മറിയുകയും, ബസിലേക്ക് ഓടി കയറുകയുമായിരുന്നു. പരുക്കേറ്റ ഇരുപത്തിയൊന്ന് പേരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ബാക്കിയുള്ള വരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവര്‍ പഴയന്നൂര്‍ ശേഖരത്തില്‍ രാജന്‍ (57), കോലഴി കാര്‍ത്തികയില്‍ കാര്‍ത്തിക് (19), താണിക്കുടം കിഴക്കേപറമ്പില്‍ അമൃത (20), കോലഴി ശ്രീരാമന്‍ വീട്ടില്‍ ശ്രീകൃഷ്ണ (23), കൃഷ്ണപ്രിയ (22), അകമല കായപറമ്പ് നിഖില്‍ (22), അകമല വടക്കേടത്ത് ഐശ്വര്യ (21), ചോറ്റുപാറ കുളപുറത്തേതില്‍ കൃഷ്ണപ്രിയ (21), മുക്കാട്ടുകര ചിറയത്ത് മാഞ്ചിയില്‍ ഗ്ലോറിയ (18), ചേലക്കുളം കുന്നത്ത് പ്രമോദ് (21), കിള്ളിമംഗലം പാണപുറത്ത് സുഷില്‍ (19), അവണൂര്‍ അമ്മണത്ത് കാര്‍ത്തിക (22), മുളങ്കുന്നത്ത്കാവ് ചുള്ളിക്കാട്ടില്‍ ശ്രീലക്ഷ്മി (21), പനങ്ങാട്ടുകര സ്വദേശിനി ശുഭ (21), സന്ദീപ് (24), സ്‌നേഹ (21), ഒല്ലൂര്‍ സ്വദേശി റിക്‌സണ്‍ (26), നീതു കൃഷ്ണ (22), മാരാത്ത്കുന്ന് ആലേക്കാട്ട് ജിജിത (21), ലോറി ഡ്രൈവര്‍ ഉത്രാളിക്കാവ് സ്വദേശി സൈതാലി (62) എന്നിവരാണ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരുടേയും പരുക്ക് സാരമുള്ളതല്ല.
അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി സി.ഐ.ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയാണ് വാഹന ഗതാഗതം സാധരണ രീതിയിലാക്കിയത്. വടക്കാഞ്ചേരിയില്‍ നിന്നുള്ള ആക്ട്‌സ് പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. വടക്കാഞ്ചേരിയില്‍ നിന്നുള്ള അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."