കഴക്കൂട്ടം വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
വൈദ്യുതി, കുടിവെള്ളം, ഫോണ്‍ ബില്ലുകള്‍ അടച്ചിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടും മാസങ്ങള്‍
കഠിനംകുളം: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന റീജണല്‍ വൊക്കേഷണല്‍ ട്രെയിനിങ് സെന്ററിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. ജീവനക്കാരുടെ ശമ്പളം ലഭിച്ചിട്ടും വൈദ്യുതി, വാട്ടര്‍, ടെലഫോണ്‍ ബില്ലുകളുടെ കുടിശികയടച്ചിട്ടും മാസങ്ങള്‍ പിന്നിടുന്നു.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതകളാണ് ഇവിടെ പഠിക്കുന്നത്.
വൈദ്യുതി കുടിശിക ഏകദേശം മൂന്ന് ലക്ഷത്തിലധികമായി.രണ്ടു ദിവസത്തിനുള്ളില്‍ ബില്ല് അടക്കാത്ത പക്ഷം വൈദ്യുതി വിച്ഛേദിക്കാവുന്ന സ്ഥിതിയാണ്. വാട്ടര്‍ അതോറിറ്റിക്കാകട്ടെ നാല്‍പതിനായിരത്തിലധികം രൂപയാണ് കുടിശികയിനത്തില്‍ നല്‍കാനുള്ളത്.രണ്ട് ടെലഫോണുകളുടെ ബില്ല് അടച്ചിട്ട് ഏകദേശം ആറ് മാസം പിന്നിടുന്നു. ഇതില്‍ ഒരെണ്ണം പൂര്‍ണമായും വിച്ഛേദിച്ചു കഴിഞ്ഞു.
സ്ഥാപനത്തിലെ പ്രിന്‍സിപ്പാളടങ്ങുന്ന ഉദ്യോഗസ്ഥരാണ് വൈദ്യുതി, ജലം വകുപ്പധികൃതരുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ വിച്ഛേദിക്കുന്നത് നീട്ടിക്കൊണ്ടു പോയത്. എന്നാല്‍ ഇനിയും നടപടികള്‍ നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പധികൃതര്‍ പറയുന്നത്.
സ്ഥാപനത്തിലെ നാല് സെക്യൂരിറ്റി ജീവനക്കാര്‍, അഞ്ച് അറ്റന്ററുമാര്‍, നിരവധി ഗസ്റ്റ് അധ്യാപകര്‍ എന്നിവര്‍ക്ക് കഴിഞ്ഞ അഞ്ചു മാസമായി ശമ്പളം ലഭിക്കുന്നില്ല. മറ്റു ജീവനക്കാര്‍ക്കാകട്ടെ ശമ്പളമല്ലാതെ മറ്റൊരു ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നുമില്ല. പൂജ അവധിക്കുള്ള ബോണസ് പോലും ലഭിക്കാത്ത സ്ഥിതിയാണ്.
സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏക തൊഴില്‍ പരിശീലന കേന്ദ്രമാണ് ഇത്. നേരത്തേ കേന്ദ്ര തൊഴില്‍ വകുപ്പിന് കീഴിലായിരുന്ന സഥാപനം , മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സ്റ്റില്‍ ഡവലപ്പ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് എന്ന വകുപ്പിന് കീഴിലേക്ക് മാറ്റിയതാണ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ തൊഴില്‍ പരിശീലന രംഗത്ത് സ്ത്യുതര്‍ഹമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടിപ്പോവുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."