സിറ്റി ബസിന് റൂട്ട് നമ്പര്‍ നല്‍കുന്ന പദ്ധതി പാതിവഴിയില്‍
കൊണ്ടുവരാനുള്ള ആവേശം നടപ്പാക്കുന്നതിലില്ല
ഒരുവര്‍ഷം പിന്നിട്ടിട്ടും റൂട്ട് നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചില്ല
കോഴിക്കോട്: പ്രഖ്യാപനം നടത്തി ഒരുവര്‍ഷം കഴിഞ്ഞിട്ടും സിറ്റി ബസുകള്‍ക്ക് റൂട്ട് നമ്പറുകള്‍ നല്‍കുന്ന പദ്ധതി പാതിവഴിയില്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബസ് ഉടമകളുടെ സഹകരണത്തോടെ ബസിന്റെ ബോര്‍ഡ് വായിക്കാന്‍ കഴിയാത്തവരെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയത്. എല്ലാ ബസുകളിലും നിലവില്‍ റൂട്ട് നമ്പറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നമ്പറുകള്‍ പൊതുജനങ്ങള്‍ക്ക് മനസിലാക്കാനുള്ള ബോര്‍ഡുകള്‍ ഇതുവരെ ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടില്ല.
നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മാനാഞ്ചിറ സിറ്റി ബസ് സ്റ്റോപ്പ് എന്നിവിടങ്ങളില്‍ മാത്രമാണ് ബോര്‍ഡുകള്‍ ഇതിനകം സ്ഥാപിച്ചത്. മലയാളത്തിലുള്ള ബോര്‍ഡുകള്‍ വായിച്ചെടുക്കാന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇത്തരമൊരു പദ്ധതിയുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തു വന്നത്. പ്രധാനപ്പെട്ട എല്ലാ ഭാഷകളിലും ഓരോ സ്ഥലവും അവിടേക്കുള്ള ബസ് റൂട്ട് നമ്പറുകളും ബസ് സ്റ്റോപ്പില്‍ പ്രദര്‍ശിപ്പിക്കുകയും ഇത് നോക്കി ആളുകള്‍ക്ക് ബസ് കണ്ടുപിടിക്കാന്‍ കഴിയുകയും ചെയ്യുന്നതായിരുന്നു പദ്ധതി.
കണ്ണൂര്‍ സര്‍വകലാശാല മാനേജ്‌മെന്റ് പഠന വിദ്യാര്‍ഥികള്‍ തയാറാക്കിയ യൂനീക് നമ്പറിങ് സിസ്റ്റം ഫോര്‍ ബസ് റൂട്ട്‌സ് സംവിധാനത്തിന്റെ ഭാഗമായാണ് കണ്ണൂരിലും കോഴിക്കോട്ടും പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നവംബര്‍ ഒന്നുമുതല്‍ മുഴുവന്‍ സിറ്റി ബസുകളിലും നമ്പര്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് റൂട്ടുകളിലോടുന്ന ബസുകളുടെ നമ്പര്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണ് പദ്ധതി നേരിടുന്ന പ്രധാന പ്രശ്‌നം. ഇതു പരിഹരിക്കാന്‍ ബസ് റൂട്ട് നമ്പര്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."