ജില്ലയുടെ തീരങ്ങളില്‍ മത്സ്യമില്ല മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ തെക്കന്‍ ജില്ലകളിലേക്ക്
പരപ്പനങ്ങാടി: മാസങ്ങളോളം ക്ഷോഭിച്ച കടല്‍ ഇപ്പോള്‍ തീര്‍ത്തും ശാന്തമായി പുഴ പോലെയായി. മത്സ്യബന്ധനത്തിനു ഏറ്റവും അനുയോജ്യമായ സാഹചര്യം. മത്സ്യം നന്നായി ലഭിക്കുന്ന സീസണ്‍ പക്ഷെ മത്സ്യബന്ധനം നടക്കുന്നില്ല. ഒരുമാസത്തോളമായി തീരത്തു നിന്നു മത്സ്യങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തിരിക്കുകയാണ്.
ജില്ലയുടെ വടക്കന്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളും വള്ളങ്ങളും ഇപ്പോള്‍ തെക്കന്‍ ജില്ലകളിലാണു മത്സ്യ ബന്ധനത്തി ലേര്‍പ്പെട്ടിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, കന്യാകുമാരി എന്നിവിടങ്ങളിലേക്കു ജില്ലയിലെ നൂറു കണക്കിനു മത്സ്യത്തൊഴിലാളികളാണു പോയത്. നേരത്തെ തെക്കന്‍ ജില്ലകളിലുള്ളവര്‍ മലപ്പുറം ജില്ലയിലടക്കം വടക്കന്‍ ജില്ലകളിലെ തീരങ്ങളെയാണ് ആശ്രയിച്ചിരുന്നത്. മത്സ്യം കുറയുന്ന സമയങ്ങളില്‍പോലും തെക്കന്‍ ജില്ലകളിലേക്കു പോകാറില്ലായിരുന്നു.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കടലോരത്തെയാണ് ഈയടുത്ത കാലംവരെ മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളികള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലക്കാര്‍ മലപ്പുറംജില്ലയിലുള്ളവര്‍ക്കു വിലക്കേര്‍പ്പെടുത്തിയതും കോഴിക്കോടു ജില്ലയില്‍ മത്സ്യ ലഭ്യത കുറഞ്ഞതും മൂലമാണു സാമ്പത്തിക ബാധ്യതയും പ്രയാസവും അവഗണിച്ചു തെക്കന്‍ ജില്ലകളിലേക്കു പോകാന്‍ നിര്‍ബന്ധിതമായത്.
സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണു നല്ല വിലകിട്ടുന്ന ചെമ്മീന്‍, അയക്കൂറ, ഏട്ട, സ്രാവ്, തെരണ്ടി, ആവോലി മത്സ്യങ്ങള്‍ വ്യാപകമായി ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തരം മത്സ്യങ്ങള്‍ ജില്ലയിലെ മാര്‍ക്കറ്റുകളിലേക്കു മറ്റിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. നാല്പതിലേറെ പേര്‍ കയറുന്ന വലിയ വള്ളങ്ങള്‍ തെക്കന്‍ ജില്ലയിലേക്കു പോയതോടെ ഇവിടെ രണ്ടുപേര്‍ കയറുന്ന ചെറിയ തോണികള്‍ മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."