പട്ടത്തിന്റെ ചരടില്‍ കുടുങ്ങി അപകടത്തില്‍പ്പെടുന്ന പക്ഷികളെ രക്ഷിക്കുന്ന പ്രവര്‍ത്തനം മുകേഷ് ജയിന്‍ നിര്‍ത്തുന്നു
മട്ടാഞ്ചേരി: പക്ഷി സ്‌നേഹി മുകേഷ് ജയിന്‍ അപകടത്തില്‍പ്പെടുന്ന പറവകളെ രക്ഷിക്കുന്ന പ്രവര്‍ത്തനം നിര്‍ത്തുന്നു. മരത്തിലും മറ്റും പട്ടത്തിന്റെ ചരടില്‍ കുടുങ്ങുന്ന പക്ഷികളെയാണു മുകേഷും കൂട്ടരും രക്ഷപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പരുന്തിനെ രക്ഷിക്കുന്നതിനിടെ സുഹൃത്തായ കുമാര്‍ കുളത്തില്‍ വീണു മരിച്ച സംഭവമാണു മുകേഷിനെ തന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ പ്രേരിപ്പിച്ചത്.
2007 മുതലാണു മുകേഷ് അപകടത്തില്‍പ്പെടുന്ന പക്ഷികളെ രക്ഷിക്കുന്ന പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ മുകേഷിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നയാളാണു കുമാര്‍.ഏകദേശം ആയിരത്തി അഞ്ഞൂറോളം പക്ഷികളെ മുകേഷ് രക്ഷപ്പെടുത്തിയിട്ടുണ്ട്.
എതിരാളികളുടെ പട്ടം അരിഞ്ഞു വീഴ്ത്തുന്നതിനായി ഉപയോഗിക്കുന്ന മാഞ്ച,ടെന്‍കീസ് നൂലുകളാണ് അപകടത്തിനിടയാക്കുന്നത്. ഈ നൂലുകള്‍ മരത്തിലും മറ്റും കുടുങ്ങിയാല്‍ നശിച്ച് പോകില്ല.എന്നാല്‍ കോട്ടണ്‍ നൂലുകള്‍ പെട്ടെന്ന് ദ്രവിച്ച് പോകുകയും ചെയ്യും.ഇത്തരത്തിലുള്ള നൂലുകളില്‍ കുടുങ്ങി നിരവധി പക്ഷികളുടെ ജീവന്‍ നഷ്ടപ്പെട്ടതോടെയാണു മുകേഷ് പക്ഷികളെ രക്ഷിക്കാനായി രംഗത്തിറങ്ങിയത്.
മാഞ്ച,ടാന്‍കീസ് നൂലുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുകേഷ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഓ ഇത്തരം നൂലുകള്‍ നിരോധിച്ച് ഉത്തരവും ഇറക്കി.എന്നാല്‍ അധികൃതരുടെ അലംഭാവം മൂലം പട്ടം പറത്തലിന് ഇപ്പോഴും ഇത്തരം നൂലുകള്‍ ഉപയോഗിക്കുന്നത് തുടരുകയാണ്.ബോധവല്‍ക്കരണത്തിനായി മുകേഷ് നിരാഹാരവും നടത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട തന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് മുകേഷ് വിഷമത്തോടെയാണ് പറഞ്ഞത്.
അപകടകരമായ നൂലുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു മുകേഷ് ആവശ്യപ്പെടുന്നു.താന്‍ ഇതിനായി നിയമ പോരാട്ടം വരെ നടത്തി. എന്നിട്ടും ഫലമില്ലാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ ഇതിനെതിരെ രംഗത്ത് വരണമെന്നും മുകേഷ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."