വെടിനിര്‍ത്തല്‍ അവസാനിച്ചു: യമനില്‍ സഖ്യസേന വ്യോമാക്രമണം അതിശക്തം
റിയാദ്: യമനില്‍ പ്രഖ്യാപിച്ച താത്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സമയത്ത് ഹൂത്തികള്‍ നടത്തിയ ലംഘനത്തിനുള്ള മറുപടിയായാണ് അതിശക്കിയായ വ്യോമാക്രമണം നടത്തിയത്.
വെടി നിര്‍ത്തല്‍ സമയം കഴിഞ്ഞയുടനെ സഖ്യസേനയുടെ യുദ്ധ വിമാനങ്ങള്‍ തലസ്ഥാന നഗരിയായ സന്‍ആയിലും ഹൂത്തി കേന്ദ്രങ്ങളിലും ശക്തമായ വ്യോമാക്രമണം നടത്തിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച സന്‍ആയില്‍ മാത്രം 9 തവണ വ്യോമാക്രമണങ്ങള്‍ നടന്നതായി റിബല്‍ നിയന്ത്രണത്തിലുള്ള സബ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറന്‍ മേഖല, മരിബ് പ്രവിശ്യ, തായിസ് പ്രവിശ്യ, തുടങ്ങിയ സ്ഥലങ്ങളിലും ഇറാന്‍ അനുകൂല ഹൂത്തികള്‍ക്കെതിരെ സഖ്യസേന കനത്ത വ്യോമാക്രമണം തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാതിയോടെ നിലവില്‍ വന്ന 72 മണിക്കൂര്‍ നേരത്തേക്കുള്ള വെടി നിര്‍ത്തല്‍ ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് അവസാനിച്ചത്. തുടര്‍ന്നാണ് സഖ്യ സേന വ്യോമാക്രമണം ശക്തമാക്കിയത്. താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം യമനിലെ പ്രധാന കക്ഷികളായ ഇറാന്‍ അനുകൂല ഹൂത്തികള്‍ നിരവധി തവണ ലംഘനം നടത്തി ആക്രമണങ്ങള്‍ നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ ലംഘനം ഹൂത്തികള്‍ ലംഘിച്ചതായും അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും സഖ്യസേന വ്യക്തമാക്കിയിരുന്നു.
യുഎന്‍ സമാധാന ദൂതന്‍ ഇസ്മായില്‍ ഓല്‍ദ്‌ന്റെ നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ സമയം വര്‍ദ്ധിപ്പിക്കുന്നതിന് ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇരു പക്ഷവും അത് നിരാകരിക്കുകയായിരുന്നു. സമാധാന കരാര്‍ നിലവില്‍ വന്നപ്പോള്‍ ഇറാന്‍ അനുകൂല യമനി ഹൂത്തികള്‍ ഏകദേശം ആയിരത്തോളം ലംഘനങ്ങള്‍ നടത്തിയതായാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."