സൗമ്യവധക്കേസില്‍ ജഡ്ജിമാര്‍ തെറ്റുതിരുത്താന്‍ തയ്യാറാവണം: കട്ജു
ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ തെറ്റുതിരുത്താന്‍ തയ്യാറാവാണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി മുന്‍ ജഡ്ജി മര്‍ക്കണ്ഡേയ കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തെറ്റ് പറ്റാത്തവരായി ആരുമില്ല. എനിക്കും സുപ്രിം കോടതി ജഡ്ജി ആയിരിക്കുമ്പോള്‍ തെറ്റുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെറ്റ് പറ്റാത്തവരായി ജനിക്കുന്നവരല്ല ജഡ്ജിമാരെന്ന ലോകപ്രശസ്ത ബ്രിട്ടീഷ് ജഡ്ജി ലോഡ് ഡെന്നിങ്ങിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് കട്ജുവിന്റെ പോസ്റ്റ്.
സൗമ്യ കേസില്‍ സുപ്രിം കോടതിയില്‍ നിന്നുണ്ടായ തെറ്റ് തിരുത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അത് തിരുത്താന്‍ ജഡ്ജിമാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നോട് വിശദീകരണം നല്‍കാന്‍ കോടതിയില്‍ ഹാജരാകണമെന്നുള്ള നോട്ടിസില്‍ ആദ്യം ഹാജരാകേണ്ടതില്ല എന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍, വിധിയിലെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് നവംബര്‍ 11ന് സൗമ്യകേസില്‍ പുനപ്പരിശോധന ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ തന്റെ വാദം നിരത്താനും വേണ്ടിയാണ് ഹാജരാകാന്‍ തീരുമാനിച്ചതെന്ന് കട്ജു പോസ്റ്റില്‍ പറയുന്നു.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ കോടതി തള്ളുകയും പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."