വണ്‍വേ റോഡിനു സമീപത്തുള്ള കുഴി ഭീഷണിയാവുന്നു
കുന്നംകുളം: നഗരസഭ ഓഫിസിനു പിറകുവശത്തുളള മുനിസിപ്പല്‍ വണ്‍വേ റോഡിനു സമീപത്തെ കുഴി വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. തൃശൂര്‍ - കുന്നംകുളം റൂട്ടിലോടുന്ന ബസുകളും ഇരുചക്ര വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന മുനിസിപ്പല്‍ വണ്‍വേ റോഡിലാണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. വാഹനങ്ങള്‍ തിരിഞ്ഞു വരുന്ന ഭാഗത്തായതിനാല്‍ കുഴിയുള്ളത് ഭൂരിഭാഗം യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. റോഡ് തിരിഞ്ഞു വരുന്ന വാഹനങ്ങള്‍ വലിയ ഇറക്കത്തിലേക്കാണ് ചെന്നെത്തുന്നത്. അതിനല്‍ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഒരു മാസം മുന്‍പ് ചരക്കു കയറ്റിവന്ന ലോറി കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിരുന്നു. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും ഇവിടെ നിത്യസംഭവമാണ്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് കുഴി രൂപപ്പെടാന്‍ കാരണമായത്. മുന്‍പ് വലിയ ആഴമുണ്ടായിരുന്ന കുഴി അപകട ഭീഷണിയായതിനെ തുടര്‍ന്ന് സമീപത്തെ ട്രാവലര്‍ സ്റ്റാന്‍ഡിലുള്ള ഡ്രൈവര്‍മാരാണ് മണ്ണ് നിറച്ച് മൂടിയത്. എന്നാല്‍ വാഹനങ്ങള്‍ ഓടിതുടങ്ങിയതോടെ മണ്ണ് നീങ്ങി കുഴി വീണ്ടും രൂപപ്പെട്ടു. മെറ്റലും സിമന്റും ഉപയോഗിച്ച് കുഴി കോണ്‍ക്രീറ്റ് ചെയ്താല്‍ മാത്രമാണ് അപകട ഭീഷണി ഒഴിവാകുകയുള്ളൂവെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. അതിനാല്‍ എത്രയും പെട്ടെന്ന് അധികൃതര്‍ കുഴി മൂടി അപകടാവസ്ഥ ഇല്ലാതാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."