മോഷ്ടിച്ച കരമടവ് രസീത് ഉപയോഗിച്ച് ബാങ്ക് വായ്പ പുതുക്കിയയാള്‍ അറസ്റ്റില്‍
തൊടുപുഴ: വില്ലേജ് ഓഫിസില്‍ നിന്നും മോഷ്ടിച്ച കരമടവ് രസീത് ഉപയോഗിച്ച് ബാങ്ക് വായ്പ പുതുക്കിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ശാസ്താമ്പാറ നെല്ലിക്കുന്നേല്‍ ജോസഫ് ജോര്‍ജ് (59) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 14ന് ഉച്ചയോടെയാണ് ഇടവെട്ടിയിലുളള കാരിക്കോട് വില്ലേജ് ഓഫിസില്‍ നിന്നും ഇയാള്‍ രസീത് മോഷ്ടിച്ചത്.
ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനു പോയ സമയം രസീത് ബുക്കില്‍ നിന്നും അഞ്ച് രസീത ഇയാള്‍ കൈക്കലാക്കുകയായിരുന്നു. ഇത് പൂരിപ്പിച്ച് മങ്ങാട്ടുകവലയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ഇയാളുടെ പേരിലുണ്ടായിരുന്ന മൂന്നു ലക്ഷം രൂപയുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ പുതുക്കിവച്ചു. കൈയിലുണ്ടായിരുന്ന പഴയ രസീതിന്റെ പകര്‍പ്പ് നോക്കി പുതിയത് എഴുതിയുണ്ടാക്കുകയായിരുന്നു. കാരിക്കോട് വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു.
മോഷണം നടന്ന ദിവസം, ഒരിക്കല്‍ കരമടച്ച ഭൂമിക്ക് വീണ്ടും രസീത് വേണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ജോര്‍ജ് വില്ലേജ് ഓഫിസിലെത്തിയിരുന്നു. ഇത് ഇയാളെ സംശയിക്കാന്‍ കാരണമായി. വില്ലേജ് ഓഫിസ് രേഖകളില്‍ നിന്നും ഇയാള്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുളളതായി വ്യക്തമായി. ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ ഓഫിസില്‍ നിന്നും കാണാതായ രസീത് അവിടെ സമര്‍പ്പിച്ചിട്ടുള്ളതായി കണ്ടെത്തി.
ഇതിനിടെ ഇന്നലെ ഉച്ചയോടെ, ഒരു വട്ടം കരം അടച്ച ഭൂമിക്ക് വീണ്ടും കരം ഒടുക്കാന്‍ വില്ലേജ് ഓഫിസര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ജോസഫ് തൊടുപുഴ തഹസില്‍ദാര്‍ സി.ആര്‍ സോമനാഥന്‍ നായരെ സമീപിച്ചു.
സംശയം തോന്നിയ തഹസില്‍ദാര്‍ വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട ശേഷം പൊലിസിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ ജോബിന്‍ ആന്റണി, അഡീഷനല്‍ എസ്.ഐ വി.എം ജോസഫ്, സീനിയര്‍ സി.പി.ഒ സിയാദ് എന്നിവരെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. മോഷ്ടിച്ച രസീത് ബാങ്കില്‍ നിന്നും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."