ജില്ലയില്‍ കള്ളക്കടത്ത് പുതിയ മേഖലകളിലേക്കെന്ന് പൊലിസ്
കാസര്‍കോട്: ജില്ലയില്‍ കള്ളക്കടത്ത് പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതായി പൊലിസ് റിപ്പോര്‍ട്ട്.
ജില്ലാ പൊലിസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്തരം പരാമര്‍ശം. നേരത്തെ സ്വര്‍ണം, ചന്ദന മേഖലകള്‍ മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന കള്ളക്കടത്ത് ഇപ്പോള്‍ വൈവിധ്യമേറിയ വിവിധ മേഖലകളിലേക്ക് കടന്നതായാണ് പൊലിസ് റിപ്പോര്‍ട്ട്. പൂഴി, മണ്ണ്, കോഴി, മദ്യം, മരം, ലഹരി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ കള്ളക്കടത്ത് ജില്ലയുടെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ന
യുവാക്കളില്‍ ക്രിമിനല്‍ കരിയര്‍ വളര്‍ന്നു വരുന്ന പ്രവണത കാസര്‍കോട് കൂടുതലാണെന്നും പൊലിസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
ജില്ല നേരിടുന്ന വലിയ വെല്ലുവിളി അതിര്‍ത്തി കടന്നും ജില്ലക്കകത്തും നടക്കുന്ന കള്ളക്കടത്തും വര്‍ഗീയ പ്രശ്‌നവുമാണെന്ന് പൊലിസ് റിപ്പോര്‍ട്ടുണ്ട്. ജില്ലയിലെ വര്‍ഗീയ പ്രശ്‌നങ്ങള്‍ പലതും നിസാര സംഭവങ്ങളുടെ പേരിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിര്‍ത്തി കടക്കുന്ന കള്ളക്കടത്ത് ജില്ലയില്‍ വലിയ വെല്ലുവിളിയായിരിക്കുന്നു.
അതിര്‍ത്തി ചെക്കുപോസ്റ്റ് കടന്നാല്‍ നല്ല മാര്‍ക്കറ്റുള്ള കോഴി, മദ്യം, പൂഴി, മരം, ലഹരി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കള്ളക്കടത്ത് ജില്ലയിലേക്ക് നിര്‍ബാധം നടക്കുകയാണ്. ജില്ലക്കകത്ത് പൂഴി കടത്തും വ്യാപകമായി നടക്കുന്നുണ്ട്. കള്ളക്കടത്തിലൂടെ നല്ല വരുമാനം ലഭിക്കുന്നതിനാല്‍ പുതിയ തലമുറ വലിയ തോതില്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നുവെന്ന പ്രവണതയും ജില്ലയില്‍ കൂടുതലായുണ്ടെന്ന് പൊലിസ് റിപ്പോര്‍ട്ടിലുണ്ട്. കള്ളക്കടത്തിനിടയില്‍ പിടിയിലാവുന്നവരില്‍ പലരും 16നും 30നു ഇടയില്‍ പ്രായമുള്ളവരാണെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.
16 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ക്രിമിനല്‍ കരിയര്‍ വളരുന്ന പ്രവണത കാസര്‍കോട് കൂടുതലാണ്. നേരത്തെ സ്വര്‍ണവും ചന്ദനവും കടത്തിയാല്‍ കിട്ടുന്ന പണത്തിന്റെയത്രയും ഇപ്പോള്‍ പുതിയ മേഖലകളിലൂടെ ലഭിക്കുന്നുവെന്നതാണ് പുതിയ തലമുറയെ ഇതിനു പ്രേരിപ്പിക്കുന്നത്.
കള്ളക്കടത്തില്‍ റിസ്‌കുള്ള സ്വര്‍ണക്കടത്തും ചന്ദനക്കടത്തും ഉപേക്ഷിച്ച് പൊലിസ് പിടികൂടിയാല്‍ തന്നെ ചെറിയ ശിക്ഷ ലഭിക്കുന്ന പൂഴി, മദ്യ, കോഴി, മരം മേഖലകളാണ് കള്ളക്കടത്തു സംഘത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍.
16 വയസുള്ളവര്‍ വരെ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന സംഭവങ്ങള്‍ ജില്ലയില്‍ നടക്കുന്നുണ്ട്.
ക്രിമിനല്‍വല്‍ക്കരണം ചെറുപ്പത്തില്‍ തന്നെ നടക്കുന്നതിനാല്‍ ഭാവിയില്‍ വലിയ പ്രശ്‌നമായി ഇതുമാറുമെന്നും കുട്ടികളെ ചെറുപ്പത്തില്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശത്തിലൂടെ സ്വഭാവരൂപീകരണം നടത്തുന്നതിനു വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ മേഖലയില്‍ അതീവശ്രദ്ധ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എസ്.എസ്.എല്‍സി പഠനത്തിനപ്പുറം വിദ്യാഭ്യാസം കടന്നുപോകാത്തവരെ ഏതുരീതിയിലുള്ള ക്രിമിനല്‍ കാര്യങ്ങള്‍ക്കു ഉപയോഗിക്കാനാവുമെന്നും കാസര്‍കോടിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ ലഹരിയുടെ പിടിയിലാണെന്നും പൊലിസ് റിപ്പോര്‍ട്ടിലുണ്ട്.
കള്ളക്കടത്തു തടയാനും ക്രമസമാധാനപാലനത്തിനുമുള്ള പൊലിസിന്റെ അംഗസംഖ്യ വളരെ കുറവാണെന്നും ചെക്കുപോസ്റ്റുകളില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ജില്ലയിലേക്ക് കൂടുതല്‍ പൊലിസും വാഹനങ്ങളും ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."