ഇനി തമിഴ്‌നാട്ടില്‍ ഉദ്യോഗസ്ഥ ഭരണം
ഗൂഡല്ലൂര്‍: തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി അവസാനിച്ചു, തമിഴ്‌നാട്ടില്‍ ഇനി ഉദ്യോഗസ്ഥ ഭരണം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ഇതോടെ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-പഞ്ചായത്ത് യൂനിയന്‍-ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍മാരുടെ ഓഫിസുകള്‍ക്ക് സര്‍ക്കാര്‍ സീല്‍വെച്ച് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചു.
തമിഴ്‌നാട്ടിലെ തദ്ദേശ ഭരണ കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചെന്നൈ ഹൈക്കോടതി ഡിസംബറിലേക്ക് നീട്ടിവെച്ചതോടെയാണ് ഉദ്യോഗസ്ഥ ഭരണത്തിന് കളമൊരുങ്ങിയത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
തുടര്‍ന്ന് ഇലക്ഷന്‍ കമ്മിഷന്‍ സെപ്തംബറില്‍ നടത്താന്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. സംവരണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ഡി.എം.കെ ഹൈക്കോടതിയെ സമീപിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചാരണങ്ങള്‍ ആരംഭിച്ച ശേഷമായിരുന്നു സ്റ്റേ. സെപ്തംബര്‍ അഞ്ചിന് ഡി.എം.കെ കോടതിയെ സമീപിച്ച അന്നുതന്നെ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഡിസംബര്‍ 30നകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തമിഴ്‌നാട് സര്‍ക്കാരും, ഇലക്ഷന്‍ കമ്മിഷനും കേസില്‍ അപ്പീല്‍ പോയെങ്കിലും കേസ് സെപ്തംബര്‍ 17ന് വീണ്ടും പരിഗണിച്ച കോടതി ഒരുമാസത്തേക്ക് കേസ് മാറ്റിവെച്ചു. ഇതോടെയാണ് ഉദ്യോഗസ്ഥ ഭരണത്തിന് കളമൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."