വന്യമൃഗ ശല്യത്തെ വെല്ലുവിളിച്ച് ഔഷധ കൃഷിയുമായി തോമസ്
കരുളായി: മലയോര മേഖലയില്‍ വന്യമൃഗ ശല്യത്താല്‍ ഒരു കൃഷിയും ചെയ്യാതെയിരിക്കുന്ന കര്‍ഷകര്‍ക്ക് മാതൃകയാവുകയാണ് കരുളായി പഞ്ചായത്തിലെ ചെറുപുഴയിലുള്ള കൂരന്‍താഴത്ത് പറമ്പില്‍ തോമസ് എന്ന കര്‍ഷകന്‍. ഔഷധ സസ്യങ്ങളുടെ കൃഷിയിലാണ് തോമസ് തന്റെ വ്യത്യസ്തത പുലര്‍ത്തി മലയോര കര്‍ഷകര്‍ക്ക് പുത്തന്‍ വഴിക്കാട്ടുന്നത്. ഫലപൂഷ്ടിയേറിയ മണ്ണാണ് വന മേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍. ഇവിടെ ഏത് കൃഷി ചെയ്താലും മികച്ച വിളവാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.
എന്നാല്‍ ആന, പന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്താല്‍ ഒരു കൃഷിയും ചെയ്യാന്‍ കഴിത്ത അവസ്ഥ എല്ലാ മലയോര കര്‍ഷകരെ പോലെ തന്നെ തോമസിനെയും അലട്ടിയപ്പോഴാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കാത്ത ഔഷധ സസ്യ കൃഷിചെയ്യാന്‍ ചിന്തിച്ചത്. അങ്ങനെയാണ് അരയേക്കറോളം സ്ഥലത്ത് ആടലോടകവും കൊടുവേലിയും കൃഷിയിറക്കിയത്.
തെങ്ങും കവുങ്ങും കുരുമുളകും ഉള്‍പെടെയുള്ള നാണ്യവിളകളാണ് തോമസ് ആദ്യം സ്ഥലത്ത് കൃഷി ചെയ്തിരുന്നത്. എന്നാല്‍ നിത്യേനയെത്തുന്ന ആനകള്‍ ഇവ ഓരോന്നുമായി നശിപ്പിക്കുകയായിരുന്നു. ഇതില്‍ മനം മടുത്ത തോമസ് കപ്പയും ചേനയും ചേമ്പും ഉള്‍പടെയുള്ള പച്ചക്കറികള്‍ കൃഷിചെയ്തപ്പോള്‍ അവ പന്നികളും കുരങ്ങുകളുമായി നശിപ്പിച്ചു. ഇതോടെ കൃഷിയോട് തന്നെ മടുത്ത തോമസിന് തന്റെ പൊന്ന് വിളയും ഭൂമി തരിശ്ശാക്കിയിടാന്‍ മനസുറച്ചില്ല. ഉടനെ കൈക്കോട്ടുമായി പറമ്പിലേക്ക് ഇറങ്ങുകയായിരുന്നു.
ഔഷധ കൃഷിയുടെ വിളവെടുപ്പ് അടുത്ത മാസം നടത്താനിരിക്കുകയാണ് തോമസ്. ആടലോടകത്തിന് വലിയ വിലയൊന്നുമില്ലെങ്കിലും കൊടുവേലി മികച്ച ഔഷധമായതിനാല്‍ കാര്യമായ ലാഭം കിട്ടുമെന്ന പ്രതീക്ഷയിലാണ് തോമസ് എന്ന മലയോര കര്‍ഷകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."