കൂട്ടുപ്രതിയുടേയും സ്വത്ത് മരവിപ്പിച്ചു
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തോഫീസിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട് മുഖ്യപ്രതി അലിഹസ്സനു പുറമേ, പിടിയിലായ കൂട്ടുപ്രതി കംപ്യൂട്ടര്‍ സെന്റര്‍ ഉടമ സത്താറിന്റേയും സ്വത്തുക്കള്‍ മരവിപ്പിച്ചു. ഡി.ടി.പി സെന്റര്‍ ഉടമ മാത്രമായ ഇയാള്‍ക്ക് വിവിധ ബാങ്ക ്അക്കൗണ്ടുകളിലായി ലക്ഷങ്ങളുടെ നിക്ഷേപമുള്ളത് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമേ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഢംബര വീടും, ബൈക്കും, കാറുമുള്‍പെടെയുള്ള വാഹനങ്ങളുമുണ്ട്. സാമ്പത്തിക തട്ടിപ്പിലെ ലാഭ വിഹിതം ഇയാള്‍ നേരിട്ടു കൈപറ്റിയതായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു ഇതുവരെ സാധിച്ചിട്ടില്ല. ഇതു കണ്ടെത്തുന്നതിനായാണ് ഇയാളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചന്വേഷിക്കുന്നത്. വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും, സീലുകളും നിര്‍മിച്ചു നല്‍കിയത് സത്താറാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇയാളില്‍ നിന്നും പിടിച്ചെടുത്ത കംപ്യൂട്ടര്‍ തിരുവനന്തപുരം സൈബര്‍സെല്‍ കേന്ദ്രത്തിലെത്തിച്ച് പരിശോധിച്ചതില്‍ നിന്നും ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അലി ഹസന്റേയും,സത്താറിന്റേയും ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി പലരുടേയും മൊഴിയെടുത്തിട്ടുമുണ്ട്. അതേ സമയം കേസന്വേഷണം വിജിലന്‍സ് ഏറ്റെടുക്കാന്‍ വൈകുന്നത് തുടരന്വേഷണത്തെ ബാധിക്കുകയാണ്.
അന്‍പതു ലക്ഷത്തോളം രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയ കേസിലെ തുടരന്വേഷണത്തിനു ലോക്കല്‍ പൊലിസിനു പരിമിതികള്‍ ഏറെയാണ്. കേസ് വിജിലന്‍സ് ഏറ്റെടുക്കണമെന്നാവശ്യപെട്ട് എസ്.ഐയും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും കത്ത് നല്‍കിയിട്ടും തുടര്‍ നടപടികള്‍ അനന്തമായി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."