ഏക സിവില്‍കോഡ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല: അഡ്വ.കെ പ്രകാശ്ബാബു
മാനന്തവാടി: ഏക സിവില്‍കോഡ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ച ചെയ്യേണ്ട മുന്‍ഗണനാ വിഷയമല്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ പ്രകാശ്ബാബു പറഞ്ഞു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, മണിപ്പൂര്‍,ഗോവ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത ജനുവരിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു ഏകീകരണത്തിനായി ബി.ജെ.പി പയറ്റുന്ന വര്‍ഗീയ കാര്‍ഡാണിത്. ഇത് തന്നെയാണ് കശ്മിര്‍ വിഷയത്തില്‍ യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിച്ച് ഉയര്‍ത്തുന്ന വെല്ലുവിളികളും.
യുദ്ധം പോലും രാഷ്ട്രീയമായ ആയുധമാക്കി മാറ്റാനാണ് നരേന്ദ്ര മോദിയും സംഘപരിവാറും ശ്രമിക്കുന്നത്. സി.പി.ഐ ജില്ലാ പഠന ക്യാംപ് പേര്യ ബോയ്‌സ് ടൗണിലെ വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ലനാളുകള്‍ വരുമെന്ന് പ്രചരിപ്പിച്ച് അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍, രാജ്യത്തെ എല്ലാത്തരത്തിലും പിന്നോട്ട് നയിക്കുകയാണ്. രാജ്യത്തെ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇത്രത്തോളം ചവട്ടിമെതിക്കപ്പെട്ട ഭരണം രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ മൂര്‍ത്തി അധ്യക്ഷനായി. ക്യാംപിന്റെ രണ്ടാംദിനത്തില്‍ പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം സി.പി മുരളി ക്ലാസെടുത്തു.
ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സ്വാഗതസംഘം ചെയര്‍മാന്‍ ഇ.ജെ ബാബു, ക്യാംപ് ലീഡര്‍ സി.എസ് സ്റ്റാന്‍ലിന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."