സഊദിയില്‍ പിടികിട്ടാപുളളിയായ അല്‍ഖ്വയ്ദ തീവ്രവാദി കീഴടങ്ങി
റിയാദ്: കൊടും തീവ്രവാദികളുടെ ലിസ്റ്റില്‍ പെട്ട സഊദി പൗരനായ തീവ്രവാദി ഒടുവില്‍ മനം മാറ്റത്തോടെ കീഴടങ്ങി. വിവിധ രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തിനു നേതൃത്വം നല്‍കിയ ആഭ്യന്തര മന്ത്രാലയം പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച ഉസാമ അലി അബ്ദുല്ല ദംജാന്‍ ആണ് കീഴടങ്ങിയതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രാലയം ഇയാളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷിച്ചു വരുകയായിരുന്നു. 2001 ല്‍ അഫ്ഗാനിസ്ഥാനിലേക്കും അവിടെ കാണ്ഡഹാറില്‍ ഉസാമ ബിന്‍ ലാദന്റെ നേരത്വത്തിലുള്ള അല്‍ഫാറൂഖ് ട്രെയിനിംഗ് സെന്ററില്‍ പരിശീനത്തിലേര്‍പ്പെടുകയും ചെയ്തു. ലാദന്റെ കീഴില്‍ തന്നെയായിരുന്നു പരിശീലനം. പിന്നീട് അമേരിക്കയിലെ 9/11 ആക്രമണത്തിനു ശേഷം അല്‍ഖ്വയ്ദക്കെതിരെ അമേരിക്ക തിരിഞ്ഞപ്പോള്‍ ഇറാനിലേക്ക് നീങ്ങുകയായിരുന്നു.
പിന്നീട് 2003 ല്‍ അബു ജവാഹിര്‍ ഗ്രൂപ്പില്‍ ചേര്‍ന്ന് ഇറാഖിലേക്ക് കടന്നു. ഇവിടെ അല്‍ഖ്വയ്ദയുടെ സമുന്നത നേതാവായ അല്‍ സര്‍ഖാവിയുമായി ചേര്‍ന്ന് ഒടുവില്‍ ഇറാഖ് പട്ടണമായ ഖൈയ്മിലെ അമീറായി ചുമതലയേറ്റു. ഇതിനിടെ പാകിസ്ഥാനിലെ വസീറിസ്താനില്‍ വെച്ച് 2010 യും സിറിയയിലെ റാഖയില്‍ വെച്ച് ഐ എസിന്റെ ആക്രമണത്തിലും കൊല്ലപ്പെട്ടതായും വ്യത്യസ്ഥ വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
ഒടുവില്‍ ജീവനോടെയുള്ള ദംജാന്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടുകയായിരുന്നു. ഒക്ടോബര്‍ നാലിന് ഇയാള്‍ സഊദിയിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
തിരിച്ചെത്തിയ ഭീകരനെ വൈദ്യപരിശോധനക്ക് വിധേയനാക്കുകയും ബന്ധുക്കളെ കാണുന്നതിന് അവസരമൊരുക്കുകയും ചെയ്തു. മറ്റു ഭീകരരും കീഴടങ്ങാന്‍ മുന്നോട്ടുവരണമെന്ന് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."