നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിച്ച സ്ഥാപനത്തിന് പിഴ ഈടാക്കി
അങ്കമാലി: ജോളി നേഴ്‌സറി റോഡില്‍ നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിച്ച അങ്കമലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നും നഗരസഭ 10000 രൂപ പിഴ ഈടാക്കി. ഈ മാസം 17 ന് കിഴക്കേ പള്ളിക്കു സമീപം ജോളി നഴ്‌സറി റോഡില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ മാലിന്യം കൊണ്ടവന്നു തള്ളുമ്പോള്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വളരെ കാലമായി ഈ പ്രദേശത്തു അനധികൃതമായി മാലിന്യം തള്ളുന്നത് രൂക്ഷമായിരുന്നു.
യുവജന സംഘടനകള്‍ താക്കീത് ബോര്‍ഡുകളും നിരീക്ഷണ ക്യാമറകളും വച്ചിട്ടും മാലിന്യം തള്ളുന്നത് തുടര്‍ന്ന സാഹചര്യത്തിലാണ് 17ന് വൈകിട്ട് പെട്ടി ഓട്ടോറിക്ഷയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കൊണ്ട് തള്ളുമ്പോള്‍ കൗണ്‍സിലര്‍മാരായ ബാസ്റ്റിന്‍ പാറക്കലിന്റെയും, സിനിമോളുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയത്. ചര്‍ച്ച് നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം വര്‍ഗീസ്, വൈസ് പ്രസിഡന്റ് ടി.ടി. വര്‍ഗീസ്, കേരള പ്രവാസി സംഘം പ്രസിഡന്റ് റോയി വര്‍ഗീസ്, ഷാജു അച്ചായി എന്നിവരുടെ നേതൃത്വത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിത്തിക്കുന്നുണ്ട്.
ഇത്തരത്തില്‍ നിയമവിരുദ്ധമായി പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ പിഴയിടുന്നത് അപൂര്‍വ സംഭവമാണ്. ഇനിയും ഇത്തരത്തില്‍ പൊതുസ്ഥലത്ത് നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നു മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."