തൃക്കാക്കരയില്‍ തെരുവുനായ ശല്യം വ്യാപകം; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം
കാക്കനാട്: നാടെങ്ങും തെരുവുനായ ശല്യം വ്യാപകമായിട്ടും അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം. മനുഷ്യന് ഭീഷണിയാവുന്ന മൃഗങ്ങളെ കൊല്ലാമെന്ന സുപ്രീംകോടതി വിധി വന്നിട്ടും കാക്കനാട് ഐ.ടി മേഖലയായ ഇന്‍ഫോപാര്‍ക്ക് പരിസരം ഉള്‍പ്പെടെ തൃക്കാക്കര നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യത്യാസമില്ലാതെ തെരുവനായ് ശല്യം രൂക്ഷമാകുന്നു .
കഴിഞ്ഞ ദിവസം കാക്കനാട് ഇടച്ചിറയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വടവുകോട് വൈ.എം.സി.എക്ക് സമീപം നെടുംപുറത്ത് വീട്ടില്‍ സജിമാത്യുവിന്റെ കാലിലാണ് തെരുവ് നായയുടെ കടിയേറ്റത്. ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനായി ബോഡി തുറക്കുന്നതിനിടെയായിരുന്നു സംഭവം. മുട്ടിന് താഴെ കടിയേറ്റ ഭാഗത്തെ ഞരമ്പുകള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി.
മൃഗസ്‌നേഹത്തിന്റെ പേരിലുള്ള സാങ്കേതികത്വം പറഞ്ഞാണ് പലരും തടിതപ്പുന്നത്. നാടിന്റെ ക്രമസമാധാന നില തകരുന്ന വിധത്തില്‍ മൃഗശല്യമുണ്ടായാല്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ നേരത്തെ നിയമതടസമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ണമായും അജ്ഞത നടിക്കുകയാണെന്നാണ് വിമര്‍ശം.
നേരത്തെയുണ്ടായിരുന്ന പട്ടിപിടിത്തം പൂര്‍ണമായും ഇല്ലാതായെങ്കിലും അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി നിലവിലുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് തൃക്കാക്കര നഗരസഭ മുന്‍കൈയെടുക്കണമെന്നാണ് പൊതുവായ ആവശ്യം. അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കേണ്ട ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്. പട്ടികളെ മൃഗസംരക്ഷണ വകുപ്പിന്റെ കൈകളിലെത്തിച്ചാല്‍ പ്രജനന നിയന്ത്രണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. എന്നാലിത് നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."