ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സമാപിച്ചു
നെടുങ്കണ്ടം : സര്‍ക്കാര്‍ ഓഫീസുകളിലെ നടപടിക്രമങ്ങള്‍ കാലികമായി പരിഷ്ക്കരിച്ചുകൊണ്ട് അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വ്വീസ് രൂപപ്പെടുത്തുന്നതിനായി നടപടികള്‍ സ്വീകരിക്കുവാന്‍ ജോയിന്റ് കൗണ്‍സില്‍ ഇടുക്കി ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നെടുങ്കണ്ടം പഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് ഉദ്ഘാടനം ചെയ്തു. അഴിമിതിയെ തുടച്ച് നീക്കിക്കൊണ്ട് മാത്രമേ സര്‍ക്കാര്‍ സേവനം കാര്യക്ഷമമാക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് കെ.കെ. ശിവരമാന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് ജി. മോട്ടിലാല്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ഡി. ബിനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി വി.എസ്. ജ്യോതി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം എന്‍. ഗോപാലകൃഷ്ണന്, എ.ഐ.ബി.ഇ.എ. ജില്ലാ സെക്രട്ടറി പി.കെ. ജബ്ബാര്‍, കെ.ജി.ഒ.എഫ്. ജില്ലാ സെക്രട്ടറി ബെന്നി തോമസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദിലീപ് തമ്പി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യാത്രയയപ്പു സമ്മേളനം നടന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച മുന്‍ ജില്ലാ സെക്രട്ടറി പി.കെ. ഹരിദാസിന് യാത്രയയപ്പ് നലകി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. സുരേഷ്കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."