ഇസ്‌ലാമാബാദില്‍ രണ്ടു മാസത്തേക്ക് പ്രതിഷേധ നിരോധനം
നവാസ് ശരീഫിനെതിരേ പ്രതിഷേധം തുടരുന്നു
ഇസ്‌ലാമാബാദ്: പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ രണ്ടു മാസത്തേക്കു പ്രതിഷേധങ്ങളും റാലികളും രാഷ്ട്രീയ യോഗങ്ങളും നിരോധിച്ചു. നവംബര്‍ രണ്ടിനു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ വന്‍ പ്രതിഷേധ റാലി നടക്കാനിരിക്കേയാണ് നിരോധനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതു കൂടുതല്‍ വിവാദങ്ങള്‍ക്കു വഴിവയ്ക്കും.
ആഭ്യന്തരമന്ത്രാലയമാണ് രണ്ടു മാസത്തേക്കു നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് നല്‍കിയത്. നവാസ് ശരീഫിന്റെ രാജിയാവശ്യപ്പെട്ടു മുന്‍ പാക് ക്രിക്കറ്റ് താരവും പ്രതിപക്ഷ നേതാവുമായ ഇംറാന്‍ഖാന്റെ നേതൃത്വത്തിലാണ് നവംബര്‍ രണ്ടിനു റാലി സംഘടിപ്പിക്കുന്നത്. ഇതു മുടക്കാന്‍ നീങ്ങുന്നതിന്റെ ഭാഗമായാണ് നിരോധനമെന്നതു വ്യക്തമാണ്. ബാങ്കിലെ അഴിമതി വിഷയത്തില്‍ കുടുംബത്തിലുള്ളവരുടെ മേല്‍ ആരോപണമുയര്‍ന്നതിനെ തുടര്‍ന്നു പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി ശക്തമാകുകയാണ്. എന്നാല്‍ ആരോപണം നിഷേധിച്ചു നവാസ് ശരീഫ് രംഗത്തെത്തിയെങ്കിലും പ്രതിഷേധം തണുത്തിട്ടില്ല. ഈ അവസരം മുതലാക്കിയാണ് ഇംറാന്‍ഖാന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കുന്നത്.
ഈ സംഭവത്തില്‍ നല്‍കിയ കേസ് നവംബര്‍ ഒന്നിനു സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയാണ്. എന്നാല്‍, ആരു തടുത്താലും റാലി നടത്തുമെന്നും അതു തങ്ങളുടെ നിയമപരമായ അവകാശമാണെന്നുമാണ് ഇംറാന്‍ഖാന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."