രാജപുരം കോളജില്‍ സംഘര്‍ഷം; പൊലിസ് ലാത്തിവീശി
രാജപുരം: സെന്റ് പയസ് ടെന്ത് കോളജില്‍ അന്യായമായി ഫീസ് വാങ്ങുന്നുവെന്നാരോപിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലിസ് ലാത്തിവീശി. ലാത്തിചാര്‍ജിനിടെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും വെള്ളരിക്കുണ്ട് സി.ഐയ്ക്കും പരുക്കേറ്റു. എസ്.എഫ്.ഐ ജില്ലാസെക്രട്ടറി പി വൈശാഖ്, ഡി.വൈ.എഫ്.ഐ ബേഡകം ഏരിയാ സെക്രട്ടറി അപ്പൂസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. ഷാലൂ മാത്യു, എസ്.എഫ്.ഐ കാറഡുക്ക ഏരിയ സെക്രട്ടറി മനോജ്, വെള്ളരിക്കുണ്ട് സി.ഐ എം സുനില്‍കുമാര്‍ എന്നിവര്‍ക്കാണു പരുക്ക്.
എസ്.സി-എസ്.ടി വിദ്യാര്‍ഥികളോട് അന്യായ ഫീസ് വാങ്ങിയെന്നാരോപിച്ചു കോളജില്‍ ധര്‍ണ നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളജ് മാനേജ്മെന്റ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം നടത്തിയതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കോളജ് ഇന്നലെ വീണ്ടും തുറന്നപ്പോള്‍ കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ വീണ്ടും സമരത്തിന് പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍. തുടര്‍ന്ന് കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ചാക്കോ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ മഹേഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഷാലൂ മാത്യു, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്, ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് സി ബാലകൃഷ്ണന്, കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജഗോപാല്‍ എന്നിവര്‍ കോളജ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും നിലപാടില്‍ മാനേജ്മെന്റ് ഉറച്ചുനിന്നതിനെ തുടര്‍ന്നു ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണു വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചത്. വൈകുന്നേരം നാലിനു തുടങ്ങിയ ഉപരോധം രാത്രി എഴുവരെ തുടര്‍ന്നു. ഉപരോധത്തിനിടെ കോളജ് നോട്ടിസ് ബോര്‍ഡിന്റെ ഗ്ലാസ് തകര്‍ത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."