ആരോപണം തെളിയിക്കാന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വെല്ലുവിളി
തിരുവനന്തപുരം: തോട്ടണ്ടി ഇടപാടില്‍ അഴിമതി നടന്നതായി വി.ഡി സതീശന്‍ ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ വകുപ്പു മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ വെല്ലുവിളി. തെളിയിച്ചാല്‍ താന്‍ ഈ ജോലി ഉപേക്ഷിച്ചു പോകുമെന്നും സതീശന്റെ ആരോപണത്തിനു മറുപടിയായി അവര്‍ നിയമസഭയില്‍ പറഞ്ഞു.
വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയ ശേഷമാണ് കാപ്പെക്‌സില്‍ എം.ഡിയെ നിയമിച്ചത്. അദ്ദേഹം ആ സ്ഥാനത്തുവരുന്നതില്‍ പലര്‍ക്കും ഭയമുണ്ടായിരുന്നു. പഴയ ഇടപാടുകളെക്കുറിച്ചോര്‍ത്താണ് ഭയം. 2013ല്‍ നടന്ന ഒരു ഇടപാടിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അതുകൊണ്ടാണ് തനിക്കും തന്റെ ഭര്‍ത്താവിനുമെതിരേ ആരോപണമുന്നയിക്കുന്നത്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഫാക്ടറികള്‍ സര്‍ക്കാര്‍ തുറന്നു. ഇതില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ചിലര്‍ കള്ളപരാതികള്‍ പാര്‍ട്ടിക്ക് അയച്ചു. അഴിമതിയുണ്ടെന്ന വ്യാജവാര്‍ത്ത എഴുതിയ ഒരു പത്രലേഖകനെ പത്രസ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയ സംഭവവുമുണ്ടായി.
സെപ്റ്റംബറില്‍ കിട്ടിയ ടെന്‍ഡര്‍ ഉറപ്പിച്ചതുവഴി കിലോയ്ക്ക് 142 രൂപ ഉണ്ടായിരുന്നത് 138 രൂപയ്ക്ക് വാങ്ങാന്‍ സാധിച്ചു. 2011ലെ വിലയുമായി താരതമ്യപ്പെടുത്തിയാണ് സതീശന്‍ കണക്കുകള്‍ പറയുന്നത്. നിലവാരത്തില്‍ കുറവുള്ള തോട്ടണ്ടിക്ക് കട്ടിങ് ടെസ്റ്റ് കഴിഞ്ഞാണ് പണം നല്‍കിയത്. കട്ടിങ് ടെസ്റ്റിന് ചുമതലപ്പെടുത്തിയത് സപ്ലൈ ചെയ്യുന്നവരെയല്ല. എ.ബി.എസ് എന്ന സ്ഥാപനത്തെയാണ്. കട്ടിങ് ടെസ്റ്റ് കഴിഞ്ഞപ്പോള്‍ വില 105 ആയി കുറയുകയുണ്ടായി. ലോക്കല്‍ പര്‍ച്ചേഴ്‌സ് നടത്തുന്നത് ഡോളര്‍ നിരക്കിലല്ല, രൂപ നിരക്കിലാണ്. സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് സതീശന്‍ ഡോളര്‍ നിരക്ക് പറയുന്നത്. ആരോ സതീശനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഒരു ടെന്‍ഡര്‍ നിരസിച്ച് 10 ദിവസത്തിനകം സ്വീകരിച്ച ടെന്‍ഡറിന്റെ നിരക്ക് കൂടിയത് ആ കാലയളവില്‍ വിലയില്‍ വന്ന വ്യത്യാസം മൂലമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."