ഒരുമ തന്നെ ശക്തി
അറേബ്യയിലെ ചെറിയൊരു നാട്ടുരാജ്യത്തിലെ രാജാവായിരുന്നു ഹൈദര്‍ഷാ. പ്രജകളെ ജീവനുതുല്യം സ്‌നേഹിക്കുകയും അവരുടെ സന്തോഷങ്ങളില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്തിരുന്ന ഹൈദര്‍ഷാ തന്റെ കൊച്ചുരാജ്യത്തെ സമ്പല്‍സമൃദ്ധമാക്കുന്നതില്‍ അങ്ങേയറ്റം ഉല്‍സാഹിയായിരുന്നു.
അങ്ങനെ പ്രജാക്ഷേമതല്‍പരനായി രാജ്യം ഭരിച്ച ഹൈദര്‍ഷായെ ആക്രമിച്ചു കീഴടക്കാന്‍ അയല്‍രാജ്യത്തെ ശത്രുക്കള്‍ കോപ്പുകൂട്ടി.
വിവരമറിഞ്ഞ രാജാവ് പരിഭ്രാന്തനായി.
ശത്രു സൈന്യത്തിന്റെ മഹാബലത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ തന്റെ കൊച്ചു സൈന്യത്തിനാവില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
''മന്ത്രീ, നമുക്കൊരു വഴിയേയുള്ളൂ.''
''എന്താണ്?''
''നമുക്കിവിടം വിട്ട് എങ്ങോട്ടെങ്കിലും രക്ഷപ്പെടാം!''
രാജാവിന്റെ തീരുമാനം ശരിയാണെന്ന് മന്ത്രിക്കും തോന്നി.
ശത്രുക്കളുടെ കൈകൊണ്ടു മരിക്കുന്നതിലും ഭേദം ഓടിരക്ഷപ്പെടുന്നതു തന്നെ. ഇനി കീഴടങ്ങുന്നത് ഭീരുത്വവുമാണ്. അഭിമാനിയായ ഹൈദര്‍ഷായും മന്ത്രിയും രാജ്യംവിട്ട് അര്‍ധരാത്രി ഒഴിഞ്ഞൊരു സ്ഥലത്തേക്കു രക്ഷപ്പെട്ടു.
ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ അദ്ദേഹവും മന്ത്രിയും ഒരു ഗുഹയില്‍ അഭയംതേടി.
തന്റെ സമൃദ്ധമായ രാജ്യം ശത്രുക്കള്‍ ഇതിനകം കീഴടക്കിക്കഴിഞ്ഞിരിക്കുമെന്ന് വളരെ വേദനയോടെ ഹൈദര്‍ഷാ കണക്കുകൂട്ടി.
അപ്പോഴാണ് ഗുഹയിലുണ്ടായിരുന്ന ഒരു വലിയ തേനീച്ചക്കൂട് ഇളകി തേനീച്ചകള്‍ ഇരുവരെയും കൂട്ടത്തോടെ ആക്രമിച്ചത്.
തേനീച്ചകളുടെ ഉപദ്രവത്തില്‍നിന്ന് ഇരുവരും ഓടിരക്ഷപ്പെട്ട് വിജനമായ ഒരിടത്തെത്തി.
അപ്പോള്‍ മന്ത്രി പറഞ്ഞു.
''നോക്കൂ തിരുമേനി, ആ തേനീച്ചകള്‍ വളരെ വലിയൊരു പാഠമാണ് നമ്മെ പഠിപ്പിച്ചത്.''
''പാഠമോ? എന്തു പാഠം?''
മന്ത്രി വിവരിച്ചു.
''അതെ തിരുമേനീ, നമ്മെക്കാള്‍ എത്രയോ ചെറിയ ജീവികളാണവ. എന്നിട്ടും അവയുടെ സാമ്രാജ്യത്തില്‍ അതിക്രമിച്ചു ചെന്ന നമ്മെ ഒത്തൊരുമിച്ച് വന്ന് ആക്രമിച്ചതു കണ്ടില്ലേ.
അവയുടെ ഒരുമയ്ക്കു മുന്നില്‍ ഓടിരക്ഷപ്പെടാനേ നമുക്കു കഴിഞ്ഞുള്ളൂ.''
മിഴിച്ചു നില്‍ക്കുന്ന രാജാവിനോട് മന്ത്രിതുടര്‍ന്നു ചോദിച്ചു.
''ഇങ്ങനെത്തന്നെയല്ലെ നമ്മളും ശത്രുക്കളെ തുരത്തേണ്ടത്?''
''ശരിയാണു മന്ത്രീ, വളരെ ശരിയാണ് താങ്കള്‍ പറഞ്ഞത്. ഒരുമ തന്നെയാണ് ഏറ്റവും വലിയ ശക്തി...''
തങ്ങളെ ആക്രമിക്കാനെത്തിയ ശത്രുസൈന്യത്തെ ഹൈദര്‍ഷായുടെ കൊച്ചു സൈന്യവും പ്രജകളും ചേര്‍ന്ന് സംഘടിതമായി തുരത്തിയോടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."